തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പരസ്യവിചാരണക്കിരയാക്കിയ പിങ്ക് പൊലീസിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിലാണ് പോലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടത്.
നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസ്. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉദ്യോഗസ്ഥക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ബാലാവകാശ കമ്മീഷന്‍ നടപടി നിര്‍ദേശിച്ചത്.
പരിശീലനത്തിന്റെ കുറവാണ് എന്ന് നിരീക്ഷിച്ച കമ്മീഷന്‍ പൊലീസുകാരിക്ക് പരിശീലനം നല്‍കണമെന്ന് കൂടി നിര്‍ദേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.
എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.
സംഭവത്തില്‍ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും രജിതയെ കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റിയതല്ലാതെ വേറെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.