| Thursday, 27th February 2020, 12:43 pm

പൗരത്വ പ്രതിഷേധ കവിതകളിലെ വരികള്‍ ഏറ്റെടുത്ത് ലോകപ്രശസ്ത മ്യൂസിക് ബാന്‍ഡ് പിങ്ക് ഫ്‌ളോയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോകം മുഴുവന്‍ ആരാധകരുള്ള പിങ്ക് ഫ്‌ളോയ്ഡ് ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് റോജര്‍ വാട്ടേഴ്‌സ് ലണ്ടനില്‍ വെച്ചു നടന്ന ഒരു പ്രതിഷേധസമരത്തില്‍ പാടിയ വരികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ആമിര്‍ അസിസിന്റെ കവിതയിലെ വരികളാണ് റോജര്‍ വാട്ടേഴ്‌സ് ചൊല്ലിയത്.

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിലാണ് റോജര്‍ ആമിറിന്റെ ‘സബ് യാദ് രഖ് ജായേഗാ'(എല്ലാം ഓര്‍ത്തുവെക്കും) എന്ന കവിതയുടെ പരിഭാഷ ചൊല്ലിയത്. ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാന്‍ജിനെ മോചനത്തിനൊപ്പം ലോകത്തിലെ പല രാജ്യങ്ങളിലായി നടക്കുന്ന പ്രതിഷേധസമരങ്ങളെക്കുറിച്ചു കൂടി സംസാരിച്ചുകൊണ്ടായിരുന്നു ആമിറിന്റെ കവിത ചൊല്ലിയത്.

‘മോദിയുടെ വംശീയവിദ്വേഷപരമായ പൗരത്വനിയമത്തിനെ പോരാട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, ദല്‍ഹിയില്‍ നിന്നുള്ള യുവകവിയും ആക്ടിവിസ്റ്റുമാണ് ആമിര്‍ അസിസ്.’ കവിത ചൊല്ലുന്നതിന് മുന്‍പ് റോജര്‍ പറഞ്ഞു. ആമിര്‍ അസിസന്റെ പല കവിതകളും പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളായി മാറിയിരുന്നു.

‘ഞങ്ങളെ കൊന്നോളൂ, ഞങ്ങള്‍ പ്രേതങ്ങളായി വരും, എഴുതും
നിങ്ങള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് തെളിവുകള്‍ നിരത്തും
നിങ്ങള്‍ കോടതികളിലിരുന്ന് തമാശ പറയുമ്പോള്‍
ഞങ്ങള്‍ മതിലുകളില്‍ നീതി എന്നെഴുതും
ബധിരര്‍ക്ക് പോലും കേള്‍ക്കുമാറുച്ചത്തില്‍ ഞങ്ങള്‍ സംസാരിക്കും
അന്ധര്‍ക്ക് പോലും കാണാവും വിധം തെളിച്ചത്തില്‍ ഞങ്ങള്‍ എഴുതും
നിങ്ങള്‍ ഭൂമിയില്‍ ‘അനീതി’ എന്നെഴുതുമ്പോള്‍
ഞങ്ങള്‍ ആകാശത്ത് ‘വിപ്ലവം’ എന്നെഴുതും
എല്ലാം ഓര്‍ത്തുവെക്കും
എല്ലാം രേഖപ്പെടുത്തിവെക്കും’ – ആമിറിന്റെ കവിതയിലെ ഈ വരികളുടെ ഇംഗ്ലിഷ് പരിഭാഷയാണ് റോജര്‍ ചൊല്ലിയത്.

We use cookies to give you the best possible experience. Learn more