ഷാര്‍ജ: സ്തനാര്‍ബുദ ബോധവല്‍ക്കരണ ദൗത്യവുമായി പിങ്ക് കാരവാന്‍ പര്യടനമാരംഭിച്ചു. സൗജന്യ സ്തനാര്‍ബുദ പരിശോധന ലഭ്യമാക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മൊബൈല്‍ മാമോഗ്രഫി ക്ലിനിക്കും പര്യടനത്തില്‍ ഉള്‍ത്തെടുത്തിയിട്ടുണ്ട്.
230 കുതിരസവാരിക്കാരുടെ അകമ്പടിയോടെ 200 ഡോക്ടര്‍മാരും നൂറോളം സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് പര്യടനത്തിലുള്‍പ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്.
ഏഴു ദിവസം നീളുന്ന പിങ്ക് കാരവാന്‍ യു.എ.ഇ പര്യടനത്തില്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഒന്നരക്കോടി ദിര്‍ഹമാണ് അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള മൊബൈല്‍ ക്ലിനിക്കിന്റെ ചിലവ്. മൊബൈല്‍ ക്ലിനിക്കിന്റെ സേവനം വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമാണ്.
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും അദ്ദേഹത്തിന്റെ പത്നിയും ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്സ് സ്ഥാപകയുമായ ഷെയ്ഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും മേല്‍നോട്ടത്തില്‍ നടക്കുന്ന പിങ്ക് കാരവാന്റെ എട്ടാം പതിപ്പിന്റെ ഉദ്ഘാടനം ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലം അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു അരങ്ങേറിയത്.