തിരുവനന്തപുരം: നിയമസഭയില്‍ എസ്.ഡി.പി.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നു എന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ആരോപിച്ചു. മഹല്ല് കമ്മിറ്റികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചോദ്യോത്തര വേളയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ പൊലീസ് നിരവധിപേര്‍ക്കെതിരെ കേസെടുക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
“മഹല്ല് കമ്മിറ്റികള്‍ ധാരാളം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങളെല്ലാം സമാധാന പരമായി നടത്താന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. എസ്.ഡി.പി.ഐ എന്നൊരു വിഭാഗം ഇവിടെയുണ്ട്. തീവ്രവാദ പരമായി ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തില്‍പ്പെട്ടവര്‍ ചിലയിടത്ത് നുഴഞ്ഞ് കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അത്തരം കാര്യങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടി എടുത്തിട്ടുണ്ടാവും. കാരണം അവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ നടപടിയുണ്ടാകും,” മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്കെതിരെ പ്രതിപക്ഷം ബഹളം വെച്ചപ്പോള്‍ എസ്.ഡി.പി.ഐയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം നിങ്ങള്‍ക്കെന്താണെന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എസ്.ഡി.പി.ഐ പിന്തുണ പ്രതിപക്ഷത്തിന് വേണ്ടെന്നും അവരുമായി സഖ്യമുണ്ടാക്കിയത് ആരാണെന്ന് പൊതു ജനത്തിന് അറിയാമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.