|

പരിശോധനാഫലം നെഗറ്റീവാകാതെ ആരേയും പറഞ്ഞുവിടുന്നില്ല, ഈ രാഷ്ട്രീയ കൗശലം പണ്ടാണെങ്കില്‍ ഫലിക്കുമായിരുന്നു; ചെന്നിത്തലയോട് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധസമിതികളുടെ നിര്‍ദേശപ്രകാരമാണ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിശോധനാഫലം നെഗറ്റീവാകാതെ ആരേയും പറഞ്ഞയക്കുന്നില്ലെന്നും താന്‍ കള്ളം പറഞ്ഞുവെന്ന് വരുത്തി തീര്‍ക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രതികരണം പൂര്‍ണ്ണരൂപം:

ഇന്നലെ രോഗമുക്തി നിരക്കുമായി ബന്ധപ്പെട്ട് എന്തോ തെറ്റായ കാര്യം ഞാന്‍ പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതായി അറിഞ്ഞു. തുടക്കത്തില്‍ മൂന്ന് ടെസ്റ്റുകള്‍ നെഗറ്റീവായതിന് ശേഷം മാത്രമെ ആളുകളെ വീട്ടുകളിലേക്ക് അയച്ചിരുന്നുള്ളൂ. ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവായാല്‍ തന്നെ വീട്ടിലേക്ക് പറഞ്ഞുവിടുന്നുമെന്നുമാണ് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

അദ്ദേഹം ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലെന്നാണ് തോന്നുന്നത്. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിദഗ്ധ സമിതികളുടെ നിര്‍ദേശപ്രകാരം പുതിയ ഡിസ്ചാര്‍ജ് പോളിസി കൊണ്ടുവന്ന കാര്യം ഈ പത്രസമ്മേളനത്തില്‍ തന്നെ വിശദമായി ഞാന്‍ വ്യക്തമാക്കിയതാണ്.

അതോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന കാര്യവും അന്ന് പറഞ്ഞിരുന്നു. ആ തീരുമാനമെടുത്തതിന്റെ രേഖകള്‍ എല്ലായിടത്തും ലഭ്യവുമാണ്. അപ്പോഴാണ് എന്തോ ഒരു പുതിയ കാര്യം കണ്ടുപിടിച്ച മട്ടില്‍ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ മുന്നിലേക്ക് സര്‍ക്കാരിനെതിരെ ആക്ഷേപവുമായി വരുന്നത്.

സംസ്ഥാനത്ത് തുടക്കത്തില്‍ രണ്ടും മൂന്നും ചിലപ്പോള്‍ അതിലധികവും ടെസ്റ്റുകള്‍ നടത്തിയാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. ഇവിടത്തെ റിക്കവറി റേറ്റ് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ തുടക്കം മുതലെ കുറഞ്ഞിരിക്കുന്നത് അതുകൊണ്ടു തന്നെയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ മിക്കതിലും രോഗികളെ അഡ്മിറ്റ് ചെയ്തതിന് ശേഷം 10 ദിവസം കഴിഞ്ഞ് രോഗലക്ഷണം കുറഞ്ഞാല്‍ റിക്കവര്‍ രേഖപ്പെടുത്തി വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. അവരാദ്യം തൊട്ടെ അതാണ് ചെയ്യുന്നത്. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

എന്നാല്‍ ഇത്രയും കേസുകള്‍ കൂടിയിട്ടും ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാകാതെ കേരളത്തിലൊരു രോഗിയേയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ല. ഇത് ഇന്നലെ പത്രസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞകാര്യമാണ്. അത് അദ്ദേഹം കേട്ടിട്ടുണ്ടാവില്ല എന്ന് കരുതുന്നില്ല. എന്നാലത് കേള്‍ക്കാത്ത മട്ടില്‍ ഞാനിവിടെ എന്തോ നുണ പറഞ്ഞെന്നും പുതുതായി അദ്ദേഹമെന്തോ കണ്ടെത്തിയെന്നും വരുത്തിതീര്‍ക്കാനുമാണ് അദ്ദേഹം നോക്കുന്നത്.

ഈ രാഷ്ട്രീയ കൗശലം പണ്ടാണെങ്കില്‍ കുറച്ച് ഫലിക്കുമായിരുന്നു. ഇന്നിപ്പോ സാങ്കേതിക വിദ്യയുടെ ലഭ്യത എല്ലാവര്‍ക്കും ലഭിക്കുന്നതാണല്ലോ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തില്‍ ലഭ്യവുമാണ്. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്.

ഇവിടെ ടെസ്റ്റുകള്‍ നടത്തുന്നതില്‍ പിന്നിലാണ്. എന്നദ്ദേഹം ആരോപിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റ് ആരോഗ്യവിദഗ്ദ്ധര്‍ക്കോ എന്നാല്‍ ഈ കാര്യത്തില്‍ യാതൊരു ആക്ഷേപവും ഇല്ല. ഒരു ഘട്ടത്തില്‍ ലോകത്തില്‍ തന്നെ മികച്ച നിലയിലായിരുന്നു കേരളം. ഇപ്പോള്‍ കേസുകളുടെ എണ്ണം കൂടി. എന്നിട്ടും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍നിരയില്‍ തന്നെ കേരളം ഉണ്ട്.

പ്രതിപക്ഷനേതാവ് മറ്റെന്തോ രീതിയിലാണ് വിവരം ശേഖരിക്കുന്നത് എന്നാണ് തോന്നുന്നത്. ഇവിടെ നാം മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ വലിയ തുക വാങ്ങിയാണ് കൊവിഡ് ചികിത്സ നല്‍കുന്നത്. ഇവിടെ നാം സൗജന്യ ചികിത്സയാണ് നല്‍കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid Pinaray Vijayan Ramesh Chennithala