തിരുവനന്തപുരം: ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മലയാള വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.
ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണെന്നും അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മാധ്യമമവിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണ്’ അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നു. മാധ്യമ സ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യ നിഷേധമാണെന്നും ഭയപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ലഭ്യമായി തുടങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
“ഡെല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണ്.
മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണ്; അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നു; മര്യാദയ്ക്കു പെരുമാറിക്കോളണം എന്ന ഭീഷണിയുമാണ്
സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരായ പരിധി ലംഘിച്ചുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍, സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ പാഠം പഠിപ്പിക്കും എന്ന ഭീഷണിയാണ് ഉണ്ടായിട്ടുള്ളത്. ഇത് നാളെ സകല ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളെയും ഗ്രസിക്കുന്ന വിധത്തില്‍ പടരും എന്നതു തിരിച്ചറിയണം. ജനാധിപത്യപരമായ ജാഗ്രത പാലിക്കുകയും വേണം. ഭയപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നില്‍. അത്തരം സമീപനം തുടര്‍ച്ചയായി പാര്‍ലമെന്റിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും പ്രയോഗിക്കുന്നത് സമീപ നാളുകളില്‍ കണ്ടു.
സത്യസന്ധമായ റിപ്പോര്‍ട്ടില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയും യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചു പിടിക്കുകയുമാണ് സംഘപരിവാറിന്റെ അജണ്ട. ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടപെടല്‍ ശേഷി നശിപ്പിക്കുകയോ അതല്ലെങ്കില്‍ അവയെ വരുതിയില്‍ നിര്‍ത്തുകയോ ചെയ്യുക എന്ന തന്ത്രം സംഘപരിവാര്‍ ഭരണത്തില്‍ വന്നതുമുതല്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് മാധ്യമങ്ങള്‍ക്കുമേല്‍ കൈവെയ്ക്കുന്നത്.
ആര്‍എസ്എസിനെയും ഡെല്‍ഹി പൊലീസിനെയും വിമര്‍ശിച്ചു എന്നതാണ് വിലക്കിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആരും വിമര്‍ശനത്തിന് അതീതരല്ല. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാവുക? ഏതൊരു പൗരനും സ്വന്തം അഭിപ്രായം നിര്‍ഭയമായി പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആര്‍എസ്എസ് വിശുദ്ധ സംഘടനയാണ് എന്ന് ഏതു നിയമ പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്?
പേടിപ്പിച്ച് വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കം മാധ്യമങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തുന്നത് ഇതാദ്യമല്ല. മാധ്യമങ്ങളെ പലതരത്തില്‍ ആക്രമിക്കുന്ന പ്രവണത അടിക്കടി ഉണ്ടാകുന്നുണ്ട്. ഇവിടെ രണ്ടു ചാനലുകള്‍ക്ക് വിലക്ക് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഉടമകള്‍ അടങ്ങുന്ന സംഘടനകളുടെ പ്രതിഷേധസ്വരം പൊതുവേദിയില്‍ ഉയര്‍ന്നു കേട്ടില്ല. സാധാരണനിലയില്‍ പല കാര്യങ്ങളിലും ആവേശപൂര്‍വ്വം പ്രതികരിക്കാറുള്ള ഈ സംഘടനകള്‍ ഇക്കാര്യത്തില്‍ പാലിച്ച മൗനം ശരിയായോ എന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണ്.
രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശവും ചുമതലയും മാധ്യമങ്ങള്‍ക്കുമുണ്ട്. ഇതു രണ്ടും വിലക്കപ്പെടുന്നത് ഏതു തരത്തിലായാലും ജനാധിപത്യ നിഷേധമാണ്. അതുകൊണ്ട് ഇത്തരം തെറ്റായ നടപടികള്‍ പുനഃപരിശോധിക്കുകയും മാധ്യമങ്ങളെ സ്വതന്ത്രവും നീതിപൂര്‍വകവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്,” മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.