ഓണത്തിനും പെരുന്നാളിനും കേരളത്തിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
Daily News
ഓണത്തിനും പെരുന്നാളിനും കേരളത്തിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th August 2017, 6:54 pm

തിരുവനന്തപുരം: ഓണത്തിനും പെരുന്നാളിനും ഗള്‍ഫില്‍നിന്നും കേരളത്തിലേയ്ക്ക് കൂടുതല്‍ വിമാനസര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിഅശോക് ഗജപതി രാജുവിന് കത്തയച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് ആവശ്യത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്തംബര്‍ മാസത്തില്‍ ഓണവും ബക്രീദുമുള്ളതിനാല്‍ അവധിക്ക് വരുന്ന മലയാളികള്‍ക്ക് ഉപകാരപ്രദമാകുന്നവിധം വിമാനക്കമ്പനികള്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ സീറ്റ് അനുവദിച്ചാല്‍ ഉത്സവസീസണുകളില്‍ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: കേരളത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും കടന്നുവരാത്തത് കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ കാരണമെന്ന് പിണറായി


ആഗസ്റ്റ് 28 നും സെപ്തംബര്‍ ഒന്നിനും ഇടയ്ക്ക് ഷാര്‍ജയിലേയ്ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ എയര്‍ഇന്ത്യ എകസ്പ്രസിന് വ്യോമസേനാ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. വിമാന കമ്പനികള്‍ തയ്യാറാണെങ്കില്‍ സര്‍വീസ് അനുവദിച്ച് നല്‍കാമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പുനല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ബംഗലൂരു, ചെന്നൈ, മുംബൈ,ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് കത്തയിച്ചിരിക്കുന്നത്.