കേരളത്തെ സംഘര്‍ഷപ്രദേശമാക്കിമാറ്റാന്‍ ആസൂത്രിത ശ്രമം; രാഷ്ട്രീയ ബന്ധമുണ്ടായാലും ക്രിമിനലുകളെ ക്രിമിനലുകളായി തന്നെ കാണണമെന്നും മുഖ്യമന്ത്രി
Daily News
കേരളത്തെ സംഘര്‍ഷപ്രദേശമാക്കിമാറ്റാന്‍ ആസൂത്രിത ശ്രമം; രാഷ്ട്രീയ ബന്ധമുണ്ടായാലും ക്രിമിനലുകളെ ക്രിമിനലുകളായി തന്നെ കാണണമെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th August 2017, 7:04 pm

 

തിരുവനന്തപുരം: കേരളത്തിനെ സംഘര്‍ഷപ്രദേശമാക്കിമാറ്റാന്‍ ആസുത്രിത ശ്രമം നടക്കുന്നുണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സര്‍വ്വകക്ഷി യോഗം കഴിഞ്ഞ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ എല്ലാം കുഴപ്പങ്ങളാണെന്ന പ്രചാരണത്തില്‍ ആശങ്കയുണ്ടെന്നും ഇത്തരം പ്രചാരണങ്ങള്‍ നിക്ഷേപങ്ങളേയും വികസനത്തേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ സംഘര്‍ഷ ഭൂമിയായി ചിത്രീകരിക്കുന്ന രീതിയില്‍ കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ യോഗത്തില്‍ പങ്കെടുത്ത കക്ഷി നേതാക്കള്‍ പോതുവെ ആശങ്ക പ്രകടിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ബന്ധമുണ്ടായാലും ക്രിമിനലുകളെ ക്രിമിനലുകളായി തന്നെ കാണണമെന്ന നിര്‍ദേശമാണ് എല്ലാ പാര്‍ട്ടികളും മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതു തന്നെയാണ്. ആക്രമണമുണ്ടായാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കള്‍ അവിടെയെത്തണം അദ്ദഹം പറയുന്നു.


Also read ‘ഇനി ഒരുതവണ കൂടി മുഖാമുഖം വന്നാല്‍ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടത്തും’;മുഖത്തടിക്കുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രന് മറുപടിയുമായി സുധീഷ് മിന്നി


ചെറിയ അക്രമസംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍പോലും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വന്‍ പ്രചാരണമാണ്. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പലരും പ്രവര്‍ത്തിക്കുന്നത് ഇത് ദേശീയതലത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതി ഉണ്ട്.

സംസ്ഥാനതാത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചര്‍ച്ചയാണ് പൊതുവെ ഉണ്ടായത്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും വേണമെന്ന് ആവശ്യമുയര്‍ന്നു. പോലീസ് നിഷ്പക്ഷവും കര്‍ശനവുമായ നടപടികള്‍ എടുക്കുന്നുണ്ട്. അക്രമങ്ങളെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കാനും തടയാനും പോലീസ് കൂടുതല്‍ജാഗ്രത കാണിക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു