ഭോപാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മധ്യപ്രദേശ് പൊലീസിന്റെ മനോവീര്യം കെടുത്തി മുഖ്യമന്ത്രിയുടെ പ്രസംഗം
Daily News
ഭോപാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മധ്യപ്രദേശ് പൊലീസിന്റെ മനോവീര്യം കെടുത്തി മുഖ്യമന്ത്രിയുടെ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th December 2016, 8:52 am

നിലമ്പൂര്‍ ഏറ്റമുട്ടലില്‍ സംസ്ഥാന പൊലീസിനെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്ത് സംസാരിച്ച മുഖ്യമന്ത്രിയാണ് സിമി പ്രവര്‍ത്തകരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് പ്രസംഗിച്ചിരിക്കുന്നത്.


തിരുവനന്തപുരം:    മധ്യപ്രദേശില്‍ 8 സിമിപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവം വ്യാജഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിമിപ്രവര്‍ത്തകരുടെ വധം സംബന്ധിച്ച മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവന വ്യാജ ഏറ്റമുട്ടലാണെന്ന് തെളിയിക്കുന്നതാണെന്നും പിണറായി.

ഭോപാലില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍.

നിലമ്പൂര്‍ ഏറ്റമുട്ടലില്‍ സംസ്ഥാന പൊലീസിനെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്ത് സംസാരിച്ച മുഖ്യമന്ത്രിയാണ് സിമി പ്രവര്‍ത്തകരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് പ്രസംഗിച്ചിരിക്കുന്നത്.

“അവരെ എത്രകാലം വിചാരണത്തടവുകാരായി പാര്‍പ്പിക്കും” എന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങിന്റെ ഒറ്റ പ്രസ്താവന തന്നെ വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രസംഗത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലാണ് ഭോപാലില്‍ അദ്ദേഹം നടത്തിയ പ്രസംഗമുള്ളത്.

മുഖ്യമന്ത്രിയുടെ പ്രസംഗം

ഭോപ്പാലില്‍ ഈയിടെ എട്ടു വിചാരണത്തടവുകാരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന്റെ പേരിലുള്ള സംശയങ്ങള്‍ ബലപ്പെടുകയാണ്. ജയില്‍ ചാടിയെന്ന വാദം പരിഹാസ്യമാണ്. “അവരെ എത്രകാലം വിചാരണത്തടവുകാരായി പാര്‍പ്പിക്കും” എന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവന ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കുന്നു. ബിജെപിയുടെ അജന്‍ഡ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമാണെന്ന് നാള്‍ക്കുനാള്‍ തെളിയിക്കപ്പെടുകയാണ്.

നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലയില്‍ ഇതുവരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേ സമയം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും മധ്യപ്രദേശ് സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തിന് ഒടുവില്‍ വഴങ്ങേണ്ടി വന്നിരുന്നു.


Read more: ആളുകള്‍ കൂടുന്നിടത്തൊക്കെ ദേശീയഗാനം നിര്‍ബന്ധമാക്കണം: മന്ത്രി എ.കെ ബാലന്‍


നിലമ്പൂരിലെ വേട്ടയ്‌ക്കെതിരെ ഘടക കക്ഷിയായ സി.പി.ഐയടക്കം രംഗത്ത് വരികയും കൊലപ്പെട്ട മാവോയിസ്റ്റിന്റെ സംസ്‌ക്കാര ചടങ്ങിലേക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പാര്‍ട്ടി പ്രതിനിധിയായി ബിനോയ് വിശ്വത്തെ അയക്കുകയും ചെയ്തിരുന്നു.

നിലമ്പൂരിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ച് സര്‍ക്കാരിനകത്ത് നിന്ന് തന്നെ വ്യത്യസ്ത അഭിപ്രായം ഉയരുമ്പോഴും പൊലീസിനെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന് പുറത്ത് വ്യാജ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് പ്രസംഗിച്ചതെന്നതാണ് ശ്രദ്ധേയം.