ധര്‍മ്മടം: കേരളത്തിലെ ജനതയെ സംരക്ഷിച്ചത് ഈ സര്‍ക്കാരാണ് അതുകൊണ്ട് അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ തുടര്‍ഭരണമുണ്ടാവില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘അദ്ദേഹം അങ്ങനെ പറയാനേ സാധ്യതയില്ല. അദ്ദേഹം ഒരു അയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും എല്ലാ ദേവഗണങ്ങളും മറ്റു വിശ്വാസികളുടെ ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. കാരണം ഈ സര്‍ക്കാരാണ് ജനങ്ങളെ സംരക്ഷിച്ചത്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവരുടെ കൂടെയാണ് ഈ പറയുന്ന എല്ലാ ദേവഗണങ്ങളും,’ മുഖ്യമന്ത്രി പറഞ്ഞു.
ധര്‍മ്മടത്ത് തനിക്കെതിരെ എന്ത് നാടകീയ സംഭവം ഉണ്ടായാലും അതൊന്നും ആളുകള്‍ വിശ്വസിക്കില്ലെന്നും മുഖ്യന്ത്രി കൂട്ടിച്ചേര്‍ത്തു. ആ വാര്‍ത്ത പുറത്ത് വന്നത് ചില മാധ്യമപ്രവര്‍ത്തകര്‍ വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ പഠിച്ചു വളര്‍ന്ന സ്‌കൂള്‍ ആണിത്. ഈ നാട്ടില്‍ അത്തരം നാടകങ്ങള്‍ നടന്നാല്‍ ആരും വിശ്വസിക്കില്ല. എന്തു നാടകവും കളിക്കാന്‍ തയ്യാറായവര്‍ അപ്പുറത്തുള്ളതുകൊണ്ട് അതൊന്നും അസംഭവ്യമായി കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മടത്ത് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ നാടകീയ സംഭവങ്ങള്‍ അരങ്ങേറുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരാണ് അത്തരം നീക്കങ്ങള്‍ നടത്താന്‍ പോകുന്ന വിവരം പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളത്തില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക