യൂണിവേഴ്സിറ്റി കോളേജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയം; അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്നും പിണറായി വിജയന്‍
Kerala News
യൂണിവേഴ്സിറ്റി കോളേജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയം; അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്നും പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2019, 8:18 am

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരുകാരണവശാലും കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കാണ് നീങ്ങുന്നതെന്നും അതിപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തിനും നസീമിനും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് പി.എസ്.സി. പരീക്ഷാ സെന്ററുകള്‍ അനുവദിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ പറഞ്ഞു.

അതേസമയം, ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ഇരുവരും ഇന്നലെ അര്‍ധരാത്രിയാണ് പൊലീസ് പിടിയിലായത്.
DoolNews Video