ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രം അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെ ഞെരിച്ചു കൊല്ലാനാണ്
ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടകയിലെ ബാഗേപള്ളിയില്‍ സി.പി.ഐ.എം മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
വര്‍ഗീയത രാജ്യത്തിന്റെ ആദര്‍ശമായി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. കര്‍ണാടകയില്‍ ഉണ്ടാകുന്ന വര്‍ഗീയ ഇടപെടലുകള്‍ ഗൗരവത്തോടെ കാണണം. രാജ്യത്തിന്റെ ചരിത്രം തിരുത്താനും പല ഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടായി. ഇതിന് അധികാരികള്‍ കൂട്ടുനിന്നു. മുസ്‌ലിം വിഭാഗത്തെപ്പറ്റി ഭീതി പരത്താന്‍ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരാണെന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടക. വര്‍ഗീയത കര്‍ണാടകയുടെ പാരമ്പര്യത്തിന് മങ്ങലേല്‍പ്പിക്കുകയാണ്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളാണ് ചരിത്രത്തെ പുറകോട്ടടിപ്പിക്കുന്നത്. സംഘപരിവാര്‍ ഭാവിതലമുറയെയാണ് ലക്ഷ്യംവെക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഭീതിതമായ അന്തരീക്ഷം രാജ്യത്തൊട്ടാകെ സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റെ നീക്കങ്ങള്‍ക്ക് ഗുണകരമാകുന്നു. മതവര്‍ഗീയ ശക്തികള്‍ ദേശീയതയുടെ മുഖംമൂടിയണിയാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.