Daily News
ഉമ്മന്‍ ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചു, ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കി: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 02, 02:06 pm
Thursday, 2nd July 2015, 7:36 pm

pinarayi-01ഉമ്മന്‍ ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും ബി.ജെ.പി എന്ന വര്‍ഗീയ ശക്തിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കിയെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുകയും വീഴ്ചകളും കുറവുകളും പരിഹരിക്കുകയും ചെയ്യാന്‍ ഇടതുമുന്നണി ബാധ്യസ്ഥമാണെന്നും പിണറായി പറയുന്നു. ഇടതുമുന്നണിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുകയും വീഴ്ചകളും കുറവുകളും പരിഹരിക്കുകയും ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ബാധ്യസ്ഥമാണ്. മുന്നണിക്ക് ഏതെങ്കിലും വിധത്തില്‍ വീഴ്ച സംഭവിച്ചുവെങ്കില്‍ അത് തിരുത്തുകതന്നെ ചെയ്യും. അതോടൊപ്പം അരുവിക്കര ഉയര്‍ത്തുന്ന മറ്റു ചില വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ഒന്നാമത്തേത് ജനാധിപത്യത്തിലെ ജനവിരുദ്ധതയുടെ സ്വാധീനമാണ്; ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്.
രണ്ടാമത്തേത് വര്‍ഗീയതയുടെ വിപത്താണ്.

ഉമ്മന്‍ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചു. ബി.ജെ.പി എന്ന വര്‍ഗീയ ശക്തിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍, അതിനനുസരിച്ച് നേട്ടം ബി.ജെ.പിക്ക് ഉണ്ടായി എന്ന് പറയാനാവില്ല.

ബി.ജെ.പി കൊണ്ടുപോയത് യു.ഡി.എഫിന്റെയും രാജഗോപാലിന് അനുകൂലമായ സഹതാപത്തിന്റെയും വോട്ടും ആനുകൂല്യവുമാണ്. അതാകട്ടെ ഇത്തരം പ്രത്യേക ഘട്ടങ്ങളില്‍ മാത്രം സംഭവിക്കുന്നതും പിന്നീട് ഇല്ലാതാകുന്നതുമാണ്.

പക്ഷെ, മരനിരപേക്ഷതയോടൊപ്പവും ഇടതുപക്ഷത്തും നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍നിന്ന് വര്‍ഗീയതയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ ഇറങ്ങിയ ചില ശക്തികളുണ്ട്. അത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ തകര്‍ക്കാനുള്ള നീക്കമാണ്. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ പേരുകൂടി അതില്‍ വലിച്ചിഴയ്ക്കുന്നു എന്നതും തിരിച്ചറിയണം.

ജാതിക്കും മതത്തിനുമെതിരായി, അനീതിക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരായി ഉയരേണ്ട കേരളത്തിന്റെ മനസ്സിനെ പ്രവീണ്‍ തൊഗാഡിയമാരുടെ രാഷ്ട്രീയത്തിന് അടിയറവെക്കാനുള്ള ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് എതിര്‍ക്കപ്പെടേണ്ടതുണ്ട്.