കോഴിക്കോട്:ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് പ്രവാചക മാതൃക പിന്തുടര്‍ന്ന് കൊണ്ടാണെന്ന് മുന്‍ ജമാഅത്ത് നേതാവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഒ.അബ്ദുല്ല. ഹിന്ദുത്വതയുടെ കയ്യിലുള്ള ശക്തമായൊരു ആയുധവും ഹൈന്ദവ ഭീകരതയുടെ മൂര്‍ത്ത രൂപവുമായ സുഗതനെ മെരുക്കിയത് പിണറായിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും ഒ.അബ്ദുല്ല പറഞ്ഞു.
ഒരു സുഗതനില്ലെങ്കുലം വനിതാ മതില്‍ വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അത്തരക്കാരെ മെരുക്കി എടുക്കുക എന്നതാണ് രാഷ്ട്രീയ നയം. അതോടു കൂടി എത്രയെത്ര ബോംബുകളാണ് നിര്‍വ്വീര്യമാക്കപ്പെട്ടതെന്നും യൂട്യൂബിലിട്ട വീഡിയോയില്‍ അബ്ദുല്ല പറഞ്ഞു.
“സി.പി സുഗുതന്‍ എന്നത് ഹിന്ദുത്വതയുടെ കയ്യിലുള്ള ശക്തമായൊരു ആയുധമാണ്. ശബരിമല വിഷയത്തില്‍ യുവതികളെ തടയാനും അക്രമം നടത്താനുമൊക്കെ മുമ്പിലുണ്ടായിരുന്ന ആളാണ് സുഗുതന്‍. ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഹാദിയയെ അറുക്കുമെന്നും പരസ്യമായി ഭോഗിക്കുമെന്നും പറഞ്ഞയാള്‍.അയാള്‍ നല്ല ഏറു പടക്കമാണ്, ഹൈന്ദവ ഭീകരതയുടെ മൂര്‍ത്ത രൂപമാണ്. അങ്ങനെയുള്ള ഒരാളെയാണ് നിമിഷ നേരം കൊണ്ട് പിണറായി വിജയന്‍ മെരുക്കി എടുത്തത്. എന്ന് മാത്രമല്ല ഇപ്പറഞ്ഞതിനെല്ലാം തികച്ചും വിപരീതമായും വ്യത്യസ്തമായും ഒരു നിലപാട് സുഗതനെ കൊണ്ട് എടുപ്പിക്കാനും പിണറായിക്കായി. ഒ.അബ്ദുല്ല പറയുന്നു.
Read Also : സുഗതന്‍ ആരെന്നതല്ല, ലക്ഷ്യമാണ് പ്രധാനം; സി.പി സുഗതനെ തള്ളാതെ കാനം രാജേന്ദ്രന്‍
“പ്രവാചകന്റെ മാത്യക എന്നു പറഞ്ഞാല്‍, പ്രവാചകന്റെ ദീര്‍ഘ കാലത്തെ ശത്രുവായിരുന്നു അബുസുഫിയാന്‍. അബു സുഫിയാനാണ് ബദര്‍ യുദ്ധത്തിന് കാരണമായ സംഭവത്തിന്റെ പ്രതിനായകന്‍. പിന്നീടുണ്ടായ അനിഷ്ടസംഭവത്തിന്റെയൊക്കെ സൂത്രധാരനും അബുസുഫിയാനാണ്. എന്നാല്‍ പ്രവാചകനും അനുയായികളും “ഫതഅ് മക്കാ” ജയിച്ചടക്കാന്‍ ഒന്നടങ്കം മാര്‍ച്ച് ചെയ്തു വന്നപ്പോള്‍ പ്രവാചകന്‍ ഒരു പ്രഖ്യാപനം നടത്തി. രണ്ട് സ്ഥലത്ത് അഭയം പ്രപിക്കുന്നവര്‍ക്ക് രക്ഷയുണ്ട്. ഒന്ന് വിശുദ്ധ ദേവാലയമായ കഅബയില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക്. രണ്ട്, അബുസുഫിയാന്‍ എന്നയാളുടെ വീട്ടില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക്. അവര്‍ക്ക് രക്ഷയുണ്ട്. അയാള്‍ ശിക്ഷിക്കപ്പെടില്ല, ഉപദ്രവിക്കപ്പെടില്ല എന്നായിരുന്നു.
കഅബാലയത്തിനും അബുസുഫിയാനും ഒരേ സ്ഥാനം നല്‍കുന്നു. ഇതോടെ അബുസുഫിയാന്‍ അമ്പരന്ന് പോകുന്നു. പിന്നീടാണ് അദ്ദേഹം വിശ്വാസിയാകുന്നത്. അത് പ്രവാചകന്റെ നയതന്ത്രമായിരുന്നു. അതേ നയതന്ത്രമാണ് പിണറായി വിജയന്‍ സുഗതന്റെ കാര്യത്തിലും പയറ്റിയത്. അബ്ദുല്ല പറയുന്നത്.
“ഇവിടെ ഇപ്പോള്‍ നടക്കുന്നത് വികാരപരാമായ മുന്നേറ്റമാണ്. ഹൈന്ദവ ഭീകരതയുടെ വല്ലാത്ത വേലിയേറ്റം. അതിനെ തടുത്ത് നിര്‍ത്തണമെങ്കില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള മതേരത ശക്തികളേയും യോജിപ്പിച്ചു നിര്‍ത്തുകയും മതേതര മനസ് ഉള്‍കൊള്ളാന്‍ തയ്യാറുള്ളവരെ മറുഭാഗത്തു നിന്നും മറുകണ്ടത്തേക്ക് കൊണ്ടു വരുകയും ചെയ്യുക എന്നതാണ് അങ്ങേയറ്റത്തെ രാഷ്ട്രീയ നേട്ടം. അതിനാല്‍ പിണറായി വിജയന് എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു”. അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.