ഓഖി; കേന്ദ്ര ഏജന്‍സികള്‍ സമയത്ത് മുന്നറിയിപ്പ് നല്‍കിയില്ല;സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും പിണറായി വിജയന്‍
Daily News
ഓഖി; കേന്ദ്ര ഏജന്‍സികള്‍ സമയത്ത് മുന്നറിയിപ്പ് നല്‍കിയില്ല;സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും പിണറായി വിജയന്‍
എഡിറ്റര്‍
Wednesday, 6th December 2017, 11:25 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിത ദുരന്തമായിരുന്നെന്നും കേന്ദ്ര ഏജന്‍സികള്‍ സമയത്ത് മുന്നറിയിപ്പ് നല്‍കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ചുഴലിക്കാറ്റിനെ കുറിച്ച് 29 ന് പ്രത്യേക വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇമെയിലോ മറ്റു രീതിയിലോ സന്ദേശം ലഭിച്ചിരുന്നില്ല. 30 ന് മാത്രമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചത്. വെബ്‌സൈറ്റില്‍ മാത്രമാണ് കടലില്‍ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കയിത്. ന്യൂനമര്‍ദം തീവ്രമാകുമെന്ന വിവരമാണ് അന്ന് ലഭിച്ചത്.

മുന്നറിയിപ്പ് കിട്ടിയ ശേഷം ഒരു നിമിഷം പോലും പാഴാക്കിയിട്ടില്ല. നേവിയും കോസ്റ്റ്ഗാര്‍ഡും അറിയിപ്പ് ലഭിച്ച ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.

മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് ഒരു തരത്തിലുള്ള വീഴ്ചയും സംഭവിട്ടില്ല. എല്ലാ സേനകളുമായും 30 ന് ഉച്ചയ്ക്ക് തന്നെ ബന്ധപ്പെട്ടു. രക്ഷാപ്രവര്‍ത്തന രംഗത്ത് രാപകല്‍ എല്ലാ സേനകളും സജീവമായിരുന്നു. ഈ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പൊലീസും മറ്റ് ഏജന്‍സികളും പങ്കെടുക്കുന്നുണ്ട്. പ്രതിരോധ വിഭാഗങ്ങളും കോസ്റ്റ് ഗാര്‍ഡും സംസ്ഥാന ഏജന്‍സിയും നല്ല ഏകോപനത്തോടെയാണ് പ്രവര്‍ത്തിച്ചത്.

കടലിന് 100 മീറ്റര്‍ പരിധിയിലുള്ള കെട്ടുറപ്പുള്ള എല്ലാ വീടുകളേയും ഒഴിപ്പിക്കാന്‍ നടപടിയെടുത്തിരുന്നു. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടി സംസ്ഥാനത്ത് 50 ഓളം പുനരധിവാസ ക്യാമ്പുകള്‍ പ്രവര്‍ത്തിട്ടുണ്ട്. 8000ത്തിലേറെ പേരെ വിവിധ ഘട്ടങ്ങളിലായി എത്തിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.