| Wednesday, 14th April 2021, 12:20 pm

ഫാസിസ്റ്റ് കാലത്ത് സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് അംബേദ്കര്‍ ഇന്നും പ്രചോദനം; അംബേദ്കര്‍ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്ക്കറിന്റെ 130ാം ജന്മദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്ന കാലത്ത് അതിനെതിരെ അണിനിരക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ കരുത്തുപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അംബേദ്കറിന്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും പ്രചോദനമാണ്, ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ വ്യക്തിയാണ് അദ്ദേഹമെന്നും മഖ്യമന്ത്രി പറഞ്ഞു.

ജാതി ചൂഷണങ്ങളില്ലാത്ത, വര്‍ഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂര്‍ണമായും അര്‍ത്ഥവത്താകുന്ന ലോക നിര്‍മ്മിതിയ്ക്ക് വേണ്ടി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അംബേദ്കര്‍ ഓര്‍മ്മിക്കപ്പെടുമെന്നും പറഞ്ഞ മുഖ്യമന്ത്രി അംബേദ്കര്‍ പങ്കുവെച്ച അറിവുകള്‍ വെളിച്ചം പകരുമെന്നും കൂട്ടിച്ചേര്‍ത്തു.

അംബേദ്കര്‍ ജയന്തി ദിനമായ ഇന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അംബേദ്കറിനെ ഓര്‍ത്തെടുത്തത്. #AmbedkarJayanti എന്ന ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. നമ്മുടെ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാന്‍ സഹായിച്ച വിഷമകരമായ ചോദ്യങ്ങള്‍ ചോദിച്ച ബാബാ സാഹേബിനെ ഇന്ന് ഓര്‍ക്കുന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലെഴുതിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഭരണഘടനാ ശില്‍പിയും, രാജ്യം കണ്ട മഹാന്‍മാരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളുമായ ബി.ആര്‍ അംബേദ്ക്കറിന്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിന്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും പ്രചോദനമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്ന കാലമാണിത്.

അതിനെതിരെ അണിനിരക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ കരുത്തു പകരുന്നു. ജാതി ചൂഷണങ്ങളില്ലാത്ത, വര്‍ഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂര്‍ണമായും അര്‍ത്ഥവത്താകുന്ന ലോക നിര്‍മ്മിതിയ്ക്ക് വേണ്ടി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അംബേദ്കര്‍ ഓര്‍മ്മിക്കപ്പെടും. അദ്ദേഹം പങ്കുവെച്ച അറിവുകള്‍ വെളിച്ചം പകരും. എല്ലാവര്‍ക്കും അംബേദ്കര്‍ ജയന്തി ആശംസകള്‍ നേരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Pinarayi Vijayan wishes Ambedkar’s birth anniversary , FB post

We use cookies to give you the best possible experience. Learn more