കണ്ണൂര്‍: കെ റെയില്‍ വിഷയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള സമര രീതികളില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സമരമുഖത്തിറങ്ങുമെന്നും കെ റെയിലിനെ ഏത് വിധേനയും എതിര്‍ക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.
കെ റെയില്‍ നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ റെയിലിനെ എതിര്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ജനവികാരം ഈ കെ റെയിലിനെതിരാണ്. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സി.പി.ഐ.എം എതിര്‍ത്ത പദ്ധതിയായിരുന്നു. അവിടെ സി.പി.ഐ.എം സമരം ചെയ്തല്ലോ. എന്തുകൊണ്ടാണ് അവിടെ സമരം, ഇവിടെ വികസനം. സന്ദര്‍ഭത്തിനും കാലത്തിനുമനുസരിച്ച് നിറം മാറുന്ന ഓന്തിന്റെ സ്വഭാവമാണ് സി.പി.ഐ.എമ്മിന്,’ സുധാകരന്‍ പറഞ്ഞു.
ബി.ജെ.പിയെ എതിര്‍ക്കാന്‍ ശക്തരാണെന്ന് കോടിയേരി പറഞ്ഞിരുന്നെന്നും സി.പി.ഐ.എം ഏത് തരത്തിലാണ് ശക്തരാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘രാജ്യം മൊത്തം വ്യാപിച്ചു കിടക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ സി.പി.ഐ.എമ്മിനാണ് ആവുക. ബി.ജെ.പിയുടെ വര്‍ഗീയതയെ ഒരുഭാഗത്ത് എതിര്‍ക്കുകയും മറുഭാഗത്ത് പുണരുകയുമാണ് സി.പി.ഐ.എം ചെയ്യുന്നത്. പിണറായി വിജയനെതിരെ എടുത്ത കേസ് എന്തുകൊണ്ടാണ് കോടതിയില്‍ പോകാത്തത്. കേരളത്തിലെ മൂന്ന് സി.പി.ഐ.എം എം.എല്‍.എ മാരെയെങ്കിലും വിജയിപ്പിക്കാന്‍ ബി.ജെ.പിയുടെ സഹായം കിട്ടിയിട്ടില്ലെന്ന് പറയാന്‍ നട്ടെല്ലുണ്ടോ സി.പി.ഐ.എമ്മിന്,’ സുധാകരന്‍ ചോദിക്കുന്നു.
പിണറായി വിജയന്‍ പോലും ബി.ജെ.പിയുടെ വോട്ട് വാങ്ങി എം.എല്‍.എ ആയ ആളാണെന്നും അതൊരിക്കലും സി.പി.ഐ.എമ്മിന് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയുടെ വോട്ട് വാങ്ങി വിജയിച്ച പിണറായിക്ക് നന്ദി വേണ്ടേ ബി.ജെ.പിയോട്. ഇപ്പോഴും സി.പി.ഐ.എം സഖ്യകക്ഷിയായി ബി.ജെ.പിയുണ്ട്. കള്ളുകുടിച്ച്, തമ്മിലടിച്ച് മരിച്ച സി.കെ. കുഞ്ഞിരാമനെ രക്തസാക്ഷിയാക്കി ആ വര്‍ഗീയതയുടെ വോട്ട് വാങ്ങിയാണ് പിണറായി വിജയന്‍ നിയമസഭയില്‍ പോയത്. ആ സി.പി.ഐ.എം ഞങ്ങളെ വര്‍ഗീയത പഠിപ്പിക്കേണ്ട,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. കെ റെയില്‍ സര്‍വേകല്ല് പിഴുതെറിഞ്ഞ് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.
സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.
പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കെ റെയില്‍ അതിരടയാളക്കല്ല് പറിക്കാന്‍ വരുന്നവര്‍ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
2011ലെ യു.ഡി.എഫ് മാനിഫെസ്റ്റോയിലും 2012ലെ എമര്‍ജിങ് കേരളയിലും യു.ഡി.എഫിന്റെ പ്രധാന സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കെ റെയിലെന്നും ജയരാജന്‍ പറഞ്ഞിരുന്നു.