| Friday, 1st September 2017, 11:20 am

അദ്ദേഹത്തിനെതിരായ മുദ്രാവാക്യത്തിലെ ആ ഒരൊറ്റ വാചകം എന്നെ ഉലച്ചുകളഞ്ഞു: പിണറായിയെ കുറിച്ച് ഭാര്യ കമലടീച്ചര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രചരണങ്ങളൊന്നും ഭാര്യയെന്ന നിലയില്‍ തന്നെ ഒരുനിലയ്ക്കും ബാധിക്കാറില്ലെന്ന് പറയുകയാണ് കമല ടീച്ചര്‍.

സ്വന്തം ഭര്‍ത്താവിനെപ്പറ്റി മോശം രീതിയില്‍ പറയുമ്പോ ടീച്ചര്‍ക്ക് വിഷമമുണ്ടാവില്ലേ എന്ന ഇന്നസെന്റ് എം.പിയുടെ ചോദ്യത്തിനായിരുന്നു കമല ടീച്ചറിന്റെ മറുപടി.

സത്യം പറയട്ടെ എനിക്ക് അങ്ങനെ തോന്നീട്ടില്ല എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. എങ്കിലും ഒരു തവണ വിഷമിച്ചുപോയ സന്ദര്‍ഭമുണ്ടായിരുന്നെന്നും ടീച്ചര്‍ പറയുന്നു.


Dont Miss ‘എന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലയത്’ : നടിയുടെ പേരുവെളുപ്പെടുത്തിയതിനെക്കുറിച്ച് അജുവര്‍ഗീസ്


“എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് വിട്ട ദിവസമായിരുന്നു അത്. അന്ന് രാത്രി യൂത്ത് ലീഗുകാര്‍ കോഴിക്കോട് ടൗണില്‍ പന്തം കൊളുത്തി മുദ്രാവാക്യം വിളിക്കുന്നു. ” ലാവ്‌ലിന്‍ കള്ളന്‍ പിണറായി വിജയനെ ജയിലിലടക്കുക” എന്നാണ് മുദ്രാവാക്യം. ആ ഒരു ഒറ്റ വാചകം എന്നെ ഉലച്ചു. ചെറുതായി സങ്കടം വന്നു. ഒന്നുമില്ല എന്ന് നമുക്കറിയാം. എന്നാലും ഇതുമായിട്ട് ഒരു ബന്ധവുമില്ലാത്ത ഒരു സെക്ഷന്‍ ആള്‍ക്കാരുണ്ടല്ലോ. ഇങ്ങനെ പരസ്യമായിട്ട് വിളിച്ചുപറയുമ്പോ എന്തെങ്കിലും ഇല്ലാതിരിക്കോ എന്ന് അവര്‍ വിചാരിക്കില്ലേ എന്നൊരു തോന്നല്‍. അത് മാത്രം എനിക്ക് പ്രയാസമുണ്ടാക്കി. എന്നോട് ഇദ്ദേഹം എപ്പോഴും പറയും നമ്മുടെ ഭാഗത്ത് തെറ്റുണ്ടാവാന്‍ പാടില്ല. അങ്ങനെ സാധിക്കുന്നിടത്തോളം കാലം ഒന്നും പേടിക്കേണ്ട കാര്യമില്ല. തെറ്റ് സംഭവിക്കരുത് എന്ന നിര്‍ബന്ധബുദ്ധി ഇദ്ദേഹത്തിനുണ്ട്. പറയുന്നവര്‍ പറയട്ടെ അതൊന്നും അത്ര കാര്യമാക്കേണ്ട എന്ന് എന്നെ മനസിലാക്കിത്തന്നിട്ടുമുണ്ട്.

അദ്ദേഹം ആരോടും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. കേള്‍ക്കുന്നവര്‍ക്ക് അത് ചിലപ്പോ ഇഷ്ടപ്പെട്ടില്ലാന്ന് വരും. അവര്‍ക്ക് മനപ്രയാസം വരുന്നുണ്ടോ എന്ന ഒരു ശങ്ക എനിക്കുണ്ട്. അത് ഞാന്‍ പങ്കുവെക്കാറുണ്ട്. പക്ഷേ കാര്യമൊന്നുമില്ല. പറയാനുള്ളത് മുഖത്ത് നോക്കി പറയും.” – കമല ടീച്ചര്‍ പറയുന്നു.

അദ്ദേഹം ചിരിക്കാറില്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. അങ്ങനെ ഒരു മനുഷ്യന് ചിരിക്കാതിരിക്കാന്‍ പറ്റുമോ? നല്ല ഹ്യൂമര്‍ സെന്‍സുള്ള നന്നായി ചിരിക്കാനും എല്ലാം ആസ്വാദിക്കാനും ഒക്കെ കഴിയുന്ന ആളാണ്. ചില പത്രക്കാരും ചാനലുകാരും ഗൗരവക്കാരനെന്ന പേര് ചാര്‍ത്തിക്കൊടുക്കുകയായിരുന്നെന്നും കമല ടീച്ചര്‍ പറയുന്നു. ഗൃഹലക്ഷ്മി വാരികയ്ക്ക് അനുവദിച്ച പിണറായി-ഇന്നസെന്റ് സംഭാഷണത്തിനിടെ സംസാരിക്കുകയായിരുന്നു കമല ടീച്ചര്‍.

We use cookies to give you the best possible experience. Learn more