| Monday, 5th December 2016, 7:28 pm

പിണറായിയുടെ ഭാര്യ വിവാവമോചനത്തിന് ഹര്‍ജി നല്‍കി; മുത്വലാഖിനെ ന്യായീകരിക്കാന്‍ വ്യാജ പ്രസ്താവനയുമായി ഇ.കെ വിഭാഗം സുന്നി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം കൊല്ലം ചടയമംഗലത്ത് നടന്ന ശരീഅത്ത് സമ്മേളനത്തിലായിരുന്നു മുത്വലാഖിനെ ന്യായീകരിക്കാന്‍ അബ്ദുള്‍ സമദ് പൂക്കോട്ടൂരിന്റെ വ്യാജ പ്രസ്താവന. 


കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ തിരുവനന്തപുരത്ത് കോടതിയില്‍ വിവാഹമോചനത്തിനായി സംയുക്ത ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് സമസ്ത ഇ.കെ വിഭാഗം സുന്നി നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍.

ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം കൊല്ലം ചടയമംഗലത്ത് നടന്ന ശരീഅത്ത് സമ്മേളനത്തിലായിരുന്നു മുത്വലാഖിനെ ന്യായീകരിക്കാന്‍ അബ്ദുള്‍ സമദ് പൂക്കോട്ടൂരിന്റെ വ്യാജ പ്രസ്താവന. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ആഹ്വാനപ്രകാരം മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ തിരുവനന്തപുരത്ത് കോടതിയില്‍ വിവാഹ മോചനത്തിന് ജോയിന്റ് പെറ്റീഷന്‍ കൊടുത്തിട്ടുണ്ടെന്നും അതിലാര്‍ക്കും പരാതിയില്ലെന്നും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പറയുന്നു.മുസ്‌ലിംങ്ങള്‍
എവിടെയെങ്കിലും ത്വലാഖ് ചൊല്ലിയാല്‍ അത് വലിയ വിഷയമായി. മാധ്യമങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് ഇസ്‌ലാമിന്റെ ത്വലാഖിനെക്കുറിച്ച് പഠിച്ചിട്ട് എഴുതിയാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.


വിവാഹമോചന പ്രശ്‌നം പറഞ്ഞ് പേടിപ്പിക്കേണ്ട. കാരണം കേരളത്തില്‍ ഒരുപാട് വിവാഹമോചനം നടക്കുന്നുണ്ട്. സെലിബ്രിറ്റി വിവാഹങ്ങളിലും പണ്ട് വിവാഹ മോചനങ്ങള്‍ നടന്നിട്ടില്ലേ, അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ ചോദിക്കുന്നു.

ഈ അടുത്തകാലത്ത് ഒരുപാട് വിവാഹ മോചനങ്ങള്‍ നടക്കുന്നുണ്ടല്ലോ. കേരള നിയമസഭയില്‍ തന്നെ ഒരുപാടാളുകളുണ്ട്. നിയമസഭാ സാമാജികരായ മുകേഷിന്റെയും ഗണേഷിന്റെയും വിവാഹമോചനം ചൂണ്ടിക്കാട്ടി ഇതിലൊന്നും ആര്‍ക്കും പരാതിയില്ലല്ലോയെന്നും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പ്രസംഗത്തില്‍ ചോദിക്കുന്നു. എന്തിനധികം കഴിഞ്ഞ വര്‍ഷം ബഹുമാന്യനായ ഉമ്മന്‍ചാണ്ടിയുടെ മകള്‍ വിവാഹമോചിതയായി, ഇപ്പോള്‍ വേറെ വിവാഹം കഴിച്ചു. ഇതൊന്നും വാര്‍ത്തയാകില്ലെന്നും മുസ്‌ലിം ത്വലാഖ് ചൊല്ലിയാലെ പ്രശ്‌നമാകൂവെന്നും അദ്ദേഹം പറഞ്ഞു.


പ്രസംഗത്തില്‍, ദിലീപ് മഞ്ജു വാര്യര്‍ വിവാഹ മോചനത്തെ പറ്റി പറയുന്നതിന് പകരം ദിലീപ് കാവ്യയെ വിവാഹം കഴിച്ച് ഒഴിവാക്കിയെന്ന തെറ്റായ പരാമര്‍ശവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.

എന്നാല്‍ ഒരു വര്‍ഷം മുന്‍പ് മലപ്പുറത്തുവെച്ച് നടന്ന പരിപാടിയാണിതെന്നും അത് ഇപ്പോള്‍ ചിലര്‍ വിവാദമാക്കുകയാണെന്നും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more