തിരുവനന്തപുരം: ദക്ഷിണ കൊറിയ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി ഇന്ത്യയിലെ സ്ഥാനപതി ഷിന്‍ ബോങ് കില്‍. കൊറിയന്‍ സന്ദര്‍ശനം നടത്താനുള്ള താല്‍പര്യം പ്രകടിപ്പിച്ച് അദ്ദേഹം തനിക്കു കത്തയച്ചിരുന്നെന്നും ബോങ് കില്‍ സൂചിപ്പിച്ചു.
ഇന്ത്യയുമായുള്ള അഭേദ്യ ബന്ധത്തെക്കുറിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നതിനെ സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ സ്ഥാനപതി പരാമര്‍ശിച്ചത്. സൂചിപ്പിച്ചതു പോലെ പിണറായി വിജയനും സംഘവും കൊറിയ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ പരിപാടികള്‍ ഏറ്റവും സുഗമമായി നടപ്പിലാക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിക്ക് തന്റെ സന്ദര്‍ശന വാഗ്ദാനം ചികിത്സയ്ക്കു ശേഷം പാലിക്കാന്‍ സാധിക്കട്ടെയെന്നും ബോങ് കില്‍ ആശംസിച്ചു.
Also Read: എം.എം ഹസന്‍ പുറത്തേക്ക് കെ.പി.സി.സി തലപ്പത്ത് മുല്ലപ്പള്ളി; കോണ്‍ഗ്രസില്‍ വന്‍ അഴിച്ച് പണി
രാജ്യാന്തര രംഗത്ത് ഇന്ത്യയ്ക്കുള്ള പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്നും ചൈനയേക്കാള്‍ വേഗത്തിലാകും ഇനി ഇന്ത്യയുടെ വളര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി നടപ്പാക്കിയത് വ്യാപാരബന്ധങ്ങള്‍ക്ക് ഗുണകരമാണ്. കൊറിയന്‍ കമ്പനികള്‍ ധാരാളമായി രാജ്യത്തു നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. മഹീന്ദ്ര പോലുള്ള ഇന്ത്യന്‍ കമ്പനികളുടെ വാഹനങ്ങള്‍ക്ക് കൊറിയയില്‍ മികച്ച വിപണിയാണുള്ളതെന്നും സ്ഥാനപതി പറയുന്നു.
അതേസമയം, വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന സാങ്കേതിക തടസ്സം മൂലം പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ കൊറിയയ്ക്കു പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.