തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം ഓഫീസിലെത്തുന്ന ആളുടെ അവകാശമാണ് അല്ലാതെ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഫീസുകളില്‍ നിരന്തരം കയറിയിറങ്ങിയിട്ടും വിഷയങ്ങളില്‍ തീരുമാനം ആകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Also read ടി-20 മത്സരങ്ങള്‍ നേരത്തെ വന്നിരുന്നെങ്കില്‍ 2003 ലോകകപ്പിന്റെ വിധി മറ്റൊന്നാകുമായിരുന്നു: സച്ചിന്‍
“സര്‍ക്കാര്‍ ഓഫീസില്‍ ഒരാള്‍ കയറി ഇറങ്ങുന്നത് ഔദാര്യം വാങ്ങാനല്ല. പലതവണ കയറി ഇറങ്ങിയിട്ടും വ്യക്തത ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍ അനാവശ്യമായി കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടാക്കരുത്” മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇത്തരം കാര്യങ്ങളില്‍ ഒറ്റതവണ നിര്‍ദേശം നല്‍കിയാല്‍ എല്ലാം മാറുമെന്ന മിഥ്യാധാരണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോഭാവം മാറണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
നേരത്തെ നിയമസഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്പോരിനിടെ ഒരു കൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്ന അവസ്ഥ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രതിപക്ഷം സ്പീക്കറെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഒരുകൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്നത് ശരിയല്ലെന്നും ചെയറിനെ സമ്മര്‍ദ്ദത്തിലാക്കേണ്ടെന്നുമായിരുന്നു പിണറായി പറഞ്ഞത്. സ്പീക്കര്‍ ഇടപെടേണ്ട സമയത്ത് ഇടപെടുമെന്നും പ്രതിപക്ഷം പരിധി വിടുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തിരുന്നു.