| Friday, 20th March 2020, 9:57 am

'പിണറായി പ്രധാനമന്ത്രിയായിരുന്നെങ്കില്‍...' ട്വിറ്ററില്‍ താരമായി മുഖ്യമന്ത്രി; കൊറോണ കാലത്ത് മോദിയെയും പിണറായിയെയും താരതമ്യം ചെയ്ത് ട്വീറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 വലിയ പ്രതിസന്ധികള്‍ തീര്‍ത്തുകൊണ്ടിരിക്കവെ, 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദന പ്രവാഹവുമായി ട്വിറ്റര്‍ ഉപഭോക്താക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തതുമായി താരതമ്യപ്പെടുത്തിയാണ് മറ്റ് സംസ്ഥാനങ്ങളിലുള്ളവരടക്കം പിണറായി വിജയനെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരിക്കു്‌നനത്.

കേരളത്തിന്റെ മുഖ്യമന്ത്രി ഒരു മാസം സൗജന്യ അരിയും നികുതി ഇളവും വായ്പാ സഹായങ്ങളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂവും അഞ്ച് മിനുട്ട് കയ്യടിയും എന്നാണ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഫാന്‍സ് പേജ് ട്വീറ്റ് ചെയ്തത്.

കേരളത്തിന്റെ മുഖ്യമന്ത്രി 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി 14 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെന്നാണ് മറ്റൊരു ട്വീറ്റ്.

പ്രധാനമന്ത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച പിണറായി വിജയന്‍ രാജ്യദ്രോഹിയാണ്, അര്‍ബന്‍ നക്‌സലാണ് എന്നാണ് ഒരാള്‍ തമാശ രൂപേണ ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി കേരളത്തില്‍നിന്ന് പഠിക്കണമെന്നും ഈ രീതികള്‍ ഇന്ത്യയ്ക്ക് മുഴുവനും ആവശ്യമാണെന്നും ട്വീറ്റുകളുണ്ട്. പിണറായി വിജയനെപ്പോലെ ഒരു നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതിനെയാണ് യെച്ചൂരി വിമര്‍ശിച്ചത്.

കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ പേരിന് പോലും പരാമര്‍ശിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.

‘കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ എന്ത് നടപടകള്‍ സ്വീകരിച്ചു എന്നതിനെക്കുറിച്ചും എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയെന്നും മോദി തന്റെ പരസ്യ പ്രസംഗത്തില്‍ അറിയാതെ പോലും പറയാതെ പോയതില്‍ ഖേദിക്കുന്നു,’ യെച്ചൂരി പറഞ്ഞു.

കുറെ പ്രതീകാത്മകമായി സംസാരിക്കുന്നതിനപ്പുറം, വീട്ടിലിരുന്ന് പണിയെടുക്കുന്ന, ദിവസക്കൂലിക്ക് പോലും ബുദ്ധിമുട്ടുന്ന ഒരു ജനതയ്ക്ക് ഈ ദുരന്തത്തെ നേരിടുന്നതിനായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും യെച്ചൂരി ചോദിച്ചു. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

കൊവിഡ് 19 ബാധയെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താന്‍ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

ഏപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും. നിലവില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്‍ഷന്‍ നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചായിരിക്കും നല്‍കുകയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി ലോകമഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് പരാമര്‍ശിച്ചു. വൈകീട്ട് അഞ്ചു മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും മോദി. അഞ്ചു മിനിട്ട് പ്ലേറ്റ് കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനം അറിയിക്കണമെന്നുമാണ് മോദി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more