കോഴിക്കോട്: മുസ്‌ലിം ലീഗ് സമൂഹത്തില്‍ വര്‍ഗീയതയുടെ നിറം പടര്‍ത്താന്‍ നോക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍.
ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അത് വര്‍ഗീയമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബഷീര്‍ പറഞ്ഞു. സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും മുഖ്യമന്ത്രിയുടെ സ്ഥിരം തുറുപ്പുചീട്ടാണതെന്നും ബഷീര്‍ പറഞ്ഞു.
മൗലികമായ കാര്യങ്ങളില്‍ ലീഗ് വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ലീഗ് പല വിഷയങ്ങളിലും പ്രതികരിക്കുന്നത് സി.പി.ഐ.എമ്മിന് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് വിഷയത്തില്‍ രണ്ടാംഘട്ട സമരം ആരംഭിക്കാനൊരുങ്ങുകയാണ്. സമാന ചിന്താഗതിയുള്ള ആരുമായും ഒത്തുചേര്‍ന്ന് ലീഗ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. എല്ലാവരേയും യോജിപ്പിച്ച് പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ബഷീര്‍ വ്യക്തമാക്കി.
വഖഫ് നിയമന പ്രശ്നത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. അതുകൊണ്ടാണ് പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രമാണ് ഇത് അംഗീകരിക്കാന്‍ കഴിയാത്തതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
യു.ഡി.എഫിലെ ഒന്നാം പാര്‍ട്ടിയെന്നാണ് ഇപ്പോള്‍ ലീഗ് കരുതുന്നത്. എന്നാല്‍ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ മുസ്‌ലിം ലീഗിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ലീഗിന്റെ സമ്മേളനങ്ങളിലുണ്ടാകുന്ന ആള്‍ക്കൂട്ടം സ്വയംഭൂവായി ഉണ്ടാകുന്നതാണെന്നും സമ്മേളനത്തില്‍ തന്റെ അച്ഛന്റെ പേര് വലിച്ചിഴച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ ഇതിനിടയില്‍ മുസ്‌ലിം ലീഗ് കോഴിക്കോട് വഖഫ് സംരക്ഷണറാലി സംഘടിപ്പിക്കുകയായിരുന്നു. പരിപാടിയ്ക്കിടെ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് അധിക്ഷേപ മുദ്രാവാക്യമുയര്‍ന്നിരുന്നു. ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ.. സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും തുടങ്ങിയവയാണ് ലീഗ് റാലിയിലുണ്ടായിരുന്ന മുദ്രാവാക്യങ്ങള്‍. കെ.ടി. ജലീലിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.