| Thursday, 20th May 2021, 8:12 pm

അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യും, കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെത്തിക്കും; പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അതിനുതകുന്ന കര്‍മ്മ പദ്ധതിയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്കായി തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കര്‍മ്മ പദ്ധതിയാണ് പുതിയ പ്രകടനപത്രികയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

50 ഇന പ്രധാനപരിപാടികളും അനുബന്ധമായി 900 വാഗ്ദാനങ്ങളുമാണ് പ്രകടനപത്രികയില്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. അവ പൂര്‍ണായും നടപ്പാക്കും.

ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കും. സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി, ലിംഗ നീതി,സ്ത്രീ സുരക്ഷ എന്നിവയെയും കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള നടപടികളുണ്ടാകും.

ശാസ്ത്രം, സാങ്കേതിക വിദ്യ, നൂതന നൈപുണികള്‍, വിജ്ഞാന സമ്പദ്ഘടനയില്‍ ലഭ്യമായ നൈപുണികള്‍ എന്നിവയെ കൃത്യമായി ഉപയോഗപ്പെടുത്തി, കൃഷി അനുബന്ധമേഖലകള്‍, അടിസ്ഥാന സൗകര്യ വികസനം, വരുമാനോത്പാദന മേഖലകള്‍ എന്നിവയെ മെച്ചപ്പെടുത്തും.

അടുത്ത അഞ്ചു വര്‍ഷംകൊണ്ട് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യും. ഉന്നത വിദ്യാഭ്യാസത്തെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പ്രത്യേക നയം രൂപപ്പെടുത്തും. അതിലൂടെ യുവാക്കള്‍ക്ക് ഏറ്റവും മികച്ച തൊഴിലുകള്‍ സൃഷ്ടിക്കും.

അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിതരാജ്യങ്ങള്‍ക്കൊപ്പം സമാനമാക്കുകയെന്നാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനം അതിന് ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയാണ്.

ഒരാളെയും ഒഴിച്ചു നിര്‍ത്താത്ത വികസന കാഴ്ച്ചപാട് ഉയര്‍ത്തിപ്പിടിക്കും. കൃഷി മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. മികച്ച തൊഴിലവസരം സൃഷ്ടിക്കും. കെ ഫോണ്‍ പോലുള്ള ദീര്‍ഘകാല പദ്ധതി നടപ്പാക്കും.

2025ഓടെ പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Pinarayi Vijayan to media about new announces

We use cookies to give you the best possible experience. Learn more