| Sunday, 15th January 2023, 11:55 pm

ഭരണഘടനാസംരക്ഷണം ഏറ്റവും പ്രധാനം എന്ന് എല്ലാവരും കരുതേണ്ട കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്: പിണറായി വിജയന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യം കടന്നുപോകുന്നത് പ്രത്യേക ഘട്ടത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാസംരക്ഷണം ഏറ്റവും പ്രധാനം എന്ന് എല്ലാവരും കരുതേണ്ട കാലത്ത് കൂടിയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ തന്നെ ഭരണഘടന ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എഴുതിയ കുറിപ്പിലൂടയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോകേണ്ടെന്ന് ആഗ്രഹിച്ച ചിലരുണ്ട്. ആന്‍ഡമാന്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരാള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്തു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഒന്നും ചെയ്യില്ല എന്നാണ് എഴുതികൊടുത്തത്.

അദ്ദേഹത്തിന്റെ പേരാണ് സവര്‍ക്കര്‍. ഇപ്പോള്‍ വീര സവര്‍ക്കര്‍ എന്നാണ് വിളിക്കുന്നത്. ഇവരുടെ മുന്‍ഗാമികള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തിന്റെ ഭരണം ഇവരുടെ പിന്‍ഗാമികളുടെ കയ്യിലാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് നേതൃത്വം കൊടുക്കുന്നത് ആര്‍.എസ്.എസാണ്. ഭരണഘടന, മതനിരപേക്ഷത, ജനാധിപത്യം എന്നിവ ആര്‍.എസ്.എസ് അംഗീകരിക്കുന്നില്ല. ആര്‍.എസ്.എസിന് വേണ്ടത് മതാധിഷ്ഠിത രാജ്യമാണ്. ആര്‍.എസ്.എസ് മാതൃകയാക്കിയത് ഹിറ്റ്‌ലറെയാണ്. ഹിറ്റ്ലറുടെ മാതൃക ലോകമാകെ തള്ളിപ്പറഞ്ഞതാണ്.

ന്യൂനപക്ഷങ്ങളോട് നിങ്ങള്‍ സമന്മാര്‍ അല്ല എന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാന്നും സ്വാതന്ത്ര്യമുള്ള ഭരണഘടനയുള്ള രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Pinarayi Vijayan The country is passing through a time when everyone should think that the protection of the constitution is the most important

We use cookies to give you the best possible experience. Learn more