തിരുവനന്തപുരം: എടത്തല പൊലീസ് മര്‍ദ്ദനത്തില്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷത്തെ ചിലരെ തീവ്രവാദത്തെ പ്രോത്സാപ്പിക്കുന്നവരായി ചിത്രീകരിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ വിശദീകരണത്തിലാണ് സഭ പ്രക്ഷുബ്ദമായത്.
ആലുവയില്‍ പ്രശ്‌നമുണ്ടായിക്കിയത് തീവ്രവാദികളാണെന്നും തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണ് എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതെന്നുമായിരുന്നു പിണറായി വിജയന്റെ ആദ്യ പ്രസ്താവന.
കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും മാര്‍ച്ചിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്നവരെ മുഴുവന്‍ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെയെങ്കിലും ആലുവ എം.എല്‍.എയായ അന്‍വര്‍ സാദത്തിന് അറിയാമായിരിക്കും എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി സംസാരം തുടങ്ങിയത്.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അന്‍വര്‍ സാദത്ത് എം.എല്‍.എ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുയാണെന്നും തീവ്രവാദികള്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
തീവ്രവാദികളെ സഹായിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടെടുക്കുന്ന ചിലരുണ്ട്. അക്കാര്യം ഞാന്‍ ആവര്‍ത്തിക്കുകയാണ്.
ആ നില നമ്മുടെ നാടിന് ചേര്‍ന്നതല്ല. ഇവിടെ ശരിയായ നിലപാട് സ്വീകരിച്ച് പോകാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണം.
ഇവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാടുണ്ട്. അവര്‍ സാധാരണ നിലയ്ക്ക് ഏതെങ്കിലും തരത്തില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. എന്നാല്‍ ആ രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്തും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഒറ്റപ്പെട്ട വ്യക്തികളുണ്ട്. സഭയിലുള്ള ചിലരും ആ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരാണ്- പിണറായി വിജയന്‍ പറഞ്ഞു.
ഇതോടെ ആരാണ് ഇവിടെ തീവ്രവാദികള്‍ എന്ന് ചോദിച്ചുകൊണ്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി.
ഉസ്മാന്‍ എന്ന വ്യക്തിയുടെ വണ്ടിയിലല്ല പൊലീസ് വാഹനം ഇടിച്ചതെന്നും അയാള്‍ അവിടെ ഓടിവന്നതായിരുന്നെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉരസിയ വാഹനത്തിന്റെ ഉടമ എടത്തല സ്വദേശി അനസാണ്. അദ്ദേഹം ടിപ്പര്‍ ലോറി ഡ്രൈവറാണ്. ആ വണ്ടിക്ക് നമ്പറുണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു.