നിങ്ങളുടെ വോട്ട് നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണം; മോദിയോട് പിണറായി വിജയന്‍
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിക്കാര്‍ ആദ്യം അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമന്നും മോദി കോഴിക്കോട് വരുന്ന ദിവസം താന്‍ അക്കാര്യം അദ്ദേഹത്തോട് പരസ്യമായി അഭ്യര്‍ത്ഥിച്ചിരുന്നെന്നും പിണറായി പറഞ്ഞു.
” നിങ്ങള്‍ നിങ്ങളുടെ വോട്ട് നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പുണ്ടാക്കണം. നിങ്ങള്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ സ്വാഭാവികമായി നോക്കും. അത് ഞങ്ങള്‍ക്ക് ഉറപ്പാണ്. അതില്‍ ആശ്ചര്യമൊന്നും ഇല്ല. പക്ഷേ എന്താ നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ കെ.ജി മാരാര്‍. കേരളത്തിലെ ഉന്നതനായ ബി.ജെ.പി നേതാവായ അദ്ദേഹം നേതൃത്വം കൊടുത്തുകൊണ്ടായിരുന്നു ഇവിടുത്ത കോലിബി സഖ്യം ഉണ്ടായത്.
ഇപ്പോള്‍ അമിത് ഷാ ലീഗിനെ തള്ളിപ്പറഞ്ഞില്ലേ ആ ലീഗുമായിട്ടായിരുന്നു ബി.ജെ.പിക്ക് സഖ്യം. രണ്ട് സീറ്റ് ജയിച്ചുവരാനായിരുന്നു ധാരണ. പക്ഷേ കേരളത്തിലെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒന്നിച്ചണിനിരുന്നു. അന്ന് എല്ലാ ഘടകക്ഷികളിലും പെട്ടവര്‍ ഉണ്ടായിരുന്നു. നിങ്ങള്‍ പരാജയപ്പെടണമെന്ന് അവര്‍ തീരുമാനിച്ചു.
നിങ്ങളുടെ ഒരംഗം നേമത്ത് എം.എല്‍.എയായി ഇരിക്കുന്നത് എങ്ങനെയാണ്? നിങ്ങളെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ട് നിങ്ങള്‍ക്ക് തന്നു. തോല്‍ക്കുമെന്ന് തോന്നിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിങ്ങള്‍ വോട്ട് കൊടുത്തു. ഏതെല്ലാം കാലത്ത് നിങ്ങള്‍ വോട്ട് മറിച്ചുകൊടുത്തിട്ടുണ്ട്. നിങ്ങള്‍ ആളുകളുമായി കരാര്‍ ഉറപ്പിക്കുകയാണ്. അത് ഇത്തവണയും ആവര്‍ത്തിക്കും.
ഒരാപത്ഘട്ടത്തില്‍ സഹായം വേണമെന്ന് അദ്ദേഹം ഇങ്ങോട്ട് പറയുന്നു. അത് വേണം എന്ന് കോണ്‍ഗ്രസുകാര്‍ അങ്ങോട്ട് പറയുന്നു. ഇതൊന്നും രഹസ്യമല്ല. ഇത്തരം ഒരുപാട് കാര്യങ്ങള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഒരു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പേര് പറയുന്നില്ല. അവിടുത്തെ തെരഞ്ഞെടുപ്പ് പ്രചരണം ഇങ്ങനെയാണ്..”ഇവിടെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലേക്ക് പോകില്ല” എന്തൊരു ഗതികേടാണെന്ന് നോക്കണം. രാഹുല്‍ ഗാന്ധിയുടെ ഘടാഘടിയന്‍ അനുയായിയാണ് ഇദ്ദേഹം- പിണറായി പറഞ്ഞു.
പൂര്‍ണമായി വിശ്വാസം തോന്നുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യുക. ഏതാണ്ട് 2004 ലെ അവസ്ഥ തന്നെയാണ് ഇത്തവണയും ആവര്‍ത്തിക്കാന്‍ പോകുന്നത്. . ബി.ജെ.പി അധികാരത്തില്‍ വരരുതെന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. അന്ന് കേരളത്തില്‍ 20 ല്‍ 18 സീറ്റ് തന്ന് ഇടതുമുന്നണിയ്‌ക്കൊപ്പം ജനങ്ങള്‍ നിന്നു. ഇത്തവണയും അത് ആവര്‍ത്തിക്കും. സംശയമില്ല- പിണറായി പറഞ്ഞു.