| Saturday, 15th June 2019, 10:43 pm

പ്ലാനിങ് കമ്മീഷന് പകരമാകാന്‍ നീതി ആയോഗിനു കഴിഞ്ഞിട്ടില്ല; നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്ലാനിങ് കമ്മീഷന് പകരമാകാന്‍ നീതി ആയോഗിനു കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ ഇന്നത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതിഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്ലാനിങ് കമ്മീഷനില്‍ നിന്നും നീതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനത്തിനു പഞ്ചവത്സര പദ്ധതികളില്‍ നേരത്തേ ലഭ്യമായിരുന്ന ധനസ്രോതസ് ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

കേന്ദ്രതലത്തില്‍ പഞ്ചവത്സര പദ്ധതികള്‍ ഒഴിവാക്കിയതിന് ശേഷമുള്ള കേന്ദ്രപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നത് സര്‍ക്കാറുകളുടെ ധനകാര്യ ശേഷി കുറയുന്നതിന് കാരണമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിനു ശേഷം സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം കേരളത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമാണ് സഹിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമിതിയുടെ അഞ്ചാമത്തെ യോഗമാണ് ഇന്ന് രാഷ്ട്രപതി ഭവനില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ഉന്നത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more