തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരമാണെന്ന് പിണറായി പറഞ്ഞു. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കുമുള്ള വികാരമാണ് അദ്ദേഹത്തിന്റേതും. ഇത്തരം പ്രതികരണങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന നിലപാടാണ് സംഘപരിവാര്‍ എന്നും സ്വീകരിച്ചുപോരുന്നത്. അതിപ്പോള്‍ പൃഥ്വിരാജിന് നേരെയും കാണിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ സംഘപരിവാറിനോടുള്ള വിയോജിപ്പ് തുടരുക തന്നെ ചെയ്യും. ഇതുപോലുള്ള വിഷയങ്ങളില്‍ പൃഥ്വിരാജിനെപ്പോലെ പ്രതികരിക്കാന്‍ സമൂഹം മുന്നോട്ടുവരണം എന്നേ പറയാനുള്ളു,’ പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടി.വിയില്‍ പൃഥ്വിയെയും കുടുംബത്തിനെയും അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്.
തുടര്‍ന്ന് ജനം ടിവിക്കും സംഘപരിവാറിനുമെതിരെ വലിയ പ്രതിഷേധനം തന്നെയായിരുന്നു കേരളത്തിലുടനീളം രൂപപ്പെട്ടത്. പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിനിമാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തുവന്നു.
പൃഥ്വിക്ക് പിന്തുണയും ജനം ടി.വിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ അരുണ്‍ ഗോപിയും മിഥുന്‍ മാനുവല്‍ തോമസുമടക്കമുള്ള നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
സംഘപരിവാര്‍ ചാനല്‍ പൃഥ്വിരാജിനെതിരെ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുന്‍ എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞത്. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Pinarayi Vijayan Supports Prtithviraj On Lakshadweep Issue