| Friday, 23rd November 2018, 5:59 pm

ശബരിമലയിലെ പൊലീസ് നടപടിയില്‍ അപാകതയില്ല; യതീഷ് ചന്ദ്രയെ പിന്തുണച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് അവരുടെ ഉത്തരവാദിത്തം നിറവേറ്റിയതാണെന്ന് മുഖ്യമന്ത്രി. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയില്ലെന്നും യതീഷ് ചന്ദ്ര അദ്ദേഹത്തിന്റെ ജോലി ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശബരിമലയില്‍ അക്രമം നടത്തുന്നവരെ പിടിക്കുന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്രമന്ത്രിയോട് പൊലീസ് ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ല മുഖ്യമന്ത്രി പറഞ്ഞു. ശരണം വിളിക്കുന്നവരെ ഒരിക്കലും തടഞ്ഞിട്ടില്ല, കൂട്ടമായി എത്തുന്ന ഭക്തര്‍ക്കും പൊലീസ് നിയന്ത്രണമില്ല. അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ട്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിരോധനാജ്ഞ യഥാര്‍ത്ഥ ഭക്തര്‍ക്ക് സഹായകമാണെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം പ്രളയകാലത്ത് കേരളത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ തരാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ലോകബാങ്കും ഐക്യരാഷ്ട്രസഭയും കണക്കാക്കിയത് 31000 കോടി രൂപയുടെ നഷ്ടമാണ്. എന്നാല്‍ കേന്ദ്രം ഇതുവരെ തന്നത് 600 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്ന് റേഷന്റെ തുക കുറച്ചാല്‍ കേന്ദ്രം തന്നത് 334 കോടി 26 ലക്ഷം രൂപമാത്രമാണ്.

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ഒരു ജില്ലയില്‍ പ്രളയമുണ്ടായപ്പോള്‍ 534 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ 2300 കോടി രൂപയും ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ 940 കോടി രൂപയും അനുവദിച്ചു. ഇതില്‍ നിന്ന് മഹാപ്രളയം ഉണ്ടായ നമ്മുടെ സംസ്ഥാനത്തോട് കാണിച്ച അലംഭാവം മനസിലാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more