| Thursday, 16th March 2017, 10:37 am

ആ കട്ടില്‍ കണ്ട് പനിക്കണ്ട; ജേക്കബ്ബ് തോമസിനെ മാറ്റുന്ന പ്രശ്‌നമില്ല; മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കില്ലെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ്ബ് തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കില്ലെന്നും ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന നടപടി സ്വീകരിക്കില്ലെന്നും പിണറായി പറഞ്ഞു.

ജേക്കബ്ബ് തോമസ് മാറി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.അവരോട് പറയാനുള്ളത് ആ കട്ടില്‍ കണ്ട പനിക്കണ്ട എന്നാണ്. ജേക്കബ്ബ് തോമസ് തെറ്റ് ചെയ്തു എന്ന് ബോധ്യപ്പെട്ടാല്‍ സംരക്ഷിക്കില്ലെന്നും പിണറായി പറഞ്ഞു.

അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ ഭൂമി വാങ്ങിയത് അടക്കം ഭൂമി വാങ്ങിയെന്നു പറയുന്ന ആരോപണങ്ങള്‍ പരിശോധിക്കാതെ ഒന്നും പറയാനാകില്ല. ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Dont Miss ഓണപ്പൊട്ടനായി വേഷമിട്ടതിന്റെ പേരില്‍ മര്‍ദ്ദനം; പരാതിക്കാരനായ തെയ്യം കലാകാരന്‍ അറസ്റ്റില്‍ 


ജേക്കബ്ബ് തോമസ് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു പിണറായി. പ്രതിപക്ഷത്ത് നിന്നും എം വിന്‍സെന്റ് ആയിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

തമിഴ്‌നാട്ടില്‍ രാജപാളത്ത് ജേക്കബ്ബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും കൊച്ചിയിലെ സ്വകാര്യ കമ്പനിയുടെ പേരിലാണ് സ്വത്ത് വാങ്ങിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

പൂര്‍വകാല അഴിമതി മറക്കാന്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ സര്‍ക്കാര്‍ സൃഷ്ടിച്ചെന്നും കള്ളന്‍മാരെ കുറിച്ച് അന്വേഷിക്കേണ്ടയാള്‍ കള്ളന് കഞ്ഞിവെച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

ജേക്കബ് തോമസ് എന്ന തത്ത സര്‍ക്കാരിനെയും കോടതിയെയും തിരിഞ്ഞുകൊത്തുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. കേസ് എടുക്കില്ലെന്നു നോട്ടീസ് ഇട്ടത് സര്‍ക്കാരിനെതിരാണ്. പരാതി നല്‍കാനെത്തിയ ആളെപ്പോലും അകത്തിടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കള്ളന്റെ കയ്യില്‍ തന്നെ താക്കോല്‍ ഏല്‍പിച്ച അവസ്ഥയാണ് ഇപ്പോഴത്തേതെന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയ എം.വിന്‍സന്റ് എംഎല്‍എ പറഞ്ഞു. ജേക്കബ് തോമസിനു ചുവപ്പ് കാര്‍ഡ് കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്നു കണ്ട് അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

.

We use cookies to give you the best possible experience. Learn more