| Saturday, 28th May 2022, 1:58 pm

'അപ്പഴേ ഈ വലിയങ്ങ് നിര്‍ത്തിയേര്, ഒരെണ്ണം എടുത്ത് വലിച്ചേച്ച് കളഞ്ഞോ' എന്ന് പിണറായി സഖാവ്; വലിക്കുകയൊന്നും വേണ്ട നിര്‍ത്തിയേക്കാമെന്ന് ഞാനും: എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വര്‍ഷങ്ങള്‍ നീണ്ടുനിന്ന പുകവലി ശീലം ഉപേക്ഷിച്ചതിനെ കുറിച്ച് മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം മണി.

ഫ്‌ളവേഴ്‌സ് ചാനലില്‍ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ‘ഫ്‌ളവേഴ്‌സ് ഒരു കോടി ‘ എന്ന പരിപാടിയിലാണ് തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പുകവലിയെ കുറിച്ചുമൊക്കെ എം.എം മണി സംസാരിക്കുന്നത്.

ഒരുപാട് സിഗരറ്റ് വലിക്കുന്ന ആളാണോ എന്ന ചോദ്യത്തിന് ഇപ്പോഴൊന്നുമില്ല നിര്‍ത്തിയിട്ട് കാലം കുറേ ആയെന്നായിരുന്നു എം.എം മണിയുടെ മറുപടി. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ വലി നിര്‍ത്തിച്ചതെന്നും എം.എം മണി പറഞ്ഞു.

‘ഒരുപാട് വര്‍ഷം വലിച്ചു. ഞാന്‍ വലിയ വലിയാണെന്ന് അദ്ദേഹത്തിന് അറിയാം. അങ്ങനെ ഇരിക്കെ ഇടുക്കിയില്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കുകയാണ്. പിണറായി സഖാവും പ്രകാശ് കാരാട്ടും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരും എല്ലാവരും ഉണ്ട്.

സംസ്ഥാന സെക്രട്ടറി അന്ന് പിണറായി സഖാവാണ്. ഇതിനിടെ ഞാന്‍ ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് പോകും വലിക്കാനായിട്ട്. വില്‍സാണ് വലിക്കുക. ആദ്യം തെറുപ്പുബീഡിയായിരുന്നു. പിന്നെ സെയ്ദു ബീഡി പിന്നെ ഒ.വി.എസ് പിന്നെ ബീഡി പോയി ചാര്‍മിനാര്‍ ആയി, സിസറായി, വില്‍സായി, ഇങ്ങനെ വലിച്ചു വലിച്ചു അങ്ങ് പോകുകയായിരുന്നു.

ഒരു ദിവസം ഒരു പത്തുമുപ്പതെണ്ണം വരെ വലിക്കും. അങ്ങനെ പരിപാടിക്കിടെ പിണറായി സഖാവ് എന്നെ അന്വേഷിച്ചു. പുകവലിക്കാന്‍ പോയതാ, വലിച്ചു വലിച്ചു ഒരു പരിവായിട്ടുണ്ട്. പ്രശ്‌നമാണ് എന്ന് എന്റെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞു. എല്ലാവരും കൂടി ഇങ്ങനെ ഇരിക്കുന്ന സമയത്തായിരുന്നു.

അങ്ങനെ ഞാന്‍ അവിടെ വന്നപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു’ അപ്പഴേ ഈ വലിയങ് നിര്‍ത്തിയേര്. ഞാന്‍ പണ്ട് നിര്‍ത്തിയതും ഇങ്ങനെയാ ഒരു സിഗരറ്റ് എടുത്ത് ഒറ്റ വലി, കളഞ്ഞു. പിന്നെയങ് നിര്‍ത്തി. ‘ഒരെണ്ണം എടുത്ത് വലിച്ചേച്ച് കളഞ്ഞോ’ എന്ന് പറഞ്ഞു. വലിക്കുകയൊന്നും വേണ്ട നിര്‍ത്തിയേക്കാമെന്ന് ഞാന്‍ പറഞ്ഞു, ഒറ്റയടിക്ക് അങ്ങനെ നിര്‍ത്തി, എം.എം മണി പറയുന്നു.

പിന്നെ എപ്പോഴെങ്കിലും വലിക്കാന്‍ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് വലിച്ചിട്ടില്ല. ഇപ്പോള്‍ അതിനോട് വെറുപ്പാണ്. അതില്‍ നിന്നും മാറി.

വീട്ടുകാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത ആള്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ വലി നിര്‍ത്തിയല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തോന്നി എന്നായിരുന്നു എം.എം മണിയുടെ മറുപടി. ‘ ഞാന്‍ ഒരു പുനര്‍ചിന്തനത്തില്‍ ഇരിക്കുമ്പോഴാണ് ഇത്. ഇതൊരു പ്രശ്‌നമാണല്ലോ എന്ന ബോധത്തില്‍ നില്‍ക്കുമ്പോഴാണ് ഇങ്ങേരുടെ ഇടപെടല്‍. നിര്‍ത്തിയിട്ട് 15 വര്‍ഷമെങ്കിലും ആയിക്കാണും,’ എം.എം മണി പറഞ്ഞു.

പരിപാടിയില്‍ അടിയന്തരാവസ്ഥക്കാലത്തെ അറസ്റ്റിനെ കുറിച്ചും ജയില്‍വാസത്തെ കുറിച്ചും എം.എം. മണി സംസാരിക്കുന്നുണ്ട്.

Content Highlight: Pinarayi Vijayan Stopped my Smoking Habit  says MM Mani

We use cookies to give you the best possible experience. Learn more