തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് താല്‍ക്കാലിക തിരിച്ചടി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തിരിച്ചടി ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
തോല്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് വലിയ സന്തോഷം കാണും എന്നാല്‍ മതിമറന്ന് ആഹ്ലാദിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ദേശീയ തലത്തിലെ പ്രത്യേക സാഹചര്യം കോണ്‍ഗ്രസ് ഇവിടെ ഉപയോഗിച്ചു. യു.ഡി.എഫിന്റെ വിജയം എങ്ങനെ നേടാനായി എന്നത് കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കുമറിയാ’മെന്നും പിണറായി പറഞ്ഞു.
എല്‍.ഡി.എഫിനൊപ്പം നിന്ന ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസിനായി. മുസ്‌ലീം ലീഗ് തീവ്രവാദ സ്വഭാവമുള്ളവരെ പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിലെ ഇപ്പോഴത്തെ സ്ഥിതി നോക്കിയാല്‍ കോണ്‍ഗ്രസിന് ആഹ്ലാദിക്കാന്‍ കഴിയുമോ എന്ന് പിണറായി ചോദിച്ചു.
‘രാജ്യത്ത് ജയിച്ചുവരാന്‍ കഴിയുന്ന ശക്തിയെന്ന പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അമേഠിയെ ഭയന്ന് ഒരു സീറ്റ് തേടിയാണ് രാഹുല്‍ കേരളത്തിലെത്തിയത്. അങ്ങനെയൊരാളെയാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ’തെന്നും പിണറായി വിജയന്‍ പരിഹസിച്ചു. മോദി അധികാരത്തിലെത്തുമെന്ന് ഭയന്ന പാവങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്യുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചു. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
‘നിയമവാഴ്ച നിലനില്‍ക്കുന്ന സ്ഥലത്ത് ഈ നിലപാട് സ്വീകരിക്കാനേ കഴിയൂ. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് ധൃതി കാണിച്ചു എന്നാണ് പറയുന്നത്. കോടതി ഉത്തരവ് അനുസരിച്ച് ദര്‍ശനത്തിന് വരുന്നവരെ തടയാനാകുമോ. അങ്ങനെ ചെയ്താല്‍ കോടതി അലക്ഷ്യമാകില്ലേ’ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് ലഭിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വര്‍ഗീയവാദികളെ മുന്നില്‍ നിന്ന് പ്രതിരോധിച്ചത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരുമെന്നും സഭയില്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി പഞ്ചപുച്ഛമടക്കി താന്‍ നില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.