| Friday, 27th January 2017, 11:26 am

വൈകി വന്നവര്‍ അവിടെ നില്‍ക്കട്ടെ, കുട്ടികളെ എഴുന്നേല്‍പ്പിക്കേണ്ട: പൊതുവിദ്യാഭ്യാസ പരിപാടിയില്‍ പ്രസംഗത്തിനിടെ പരസ്യശാസനയുമായി പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ പരിപാടിയില്‍ വൈകിയെത്തിയവര്‍ക്ക് ഇരിപ്പിടമൊരുക്കാനായി കുട്ടികളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചവരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രസംഗിക്കുന്നതിനിടെ കുട്ടികളെ എഴുന്നേല്‍പ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം പരസ്യമായി ഇത് വിലക്കുകയായിരുന്നു. “വൈകി വന്നവര്‍ അവിടെ നില്‍ക്കട്ടെ, അവര്‍ക്കായി കുട്ടികളെ മാറ്റണ്ട” എന്നുപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ടത്.

പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കവെയാണ് ചിലര്‍ വൈകിയെത്തിയത്. ഇവര്‍ക്ക് ഇരപ്പിടമൊരുക്കാനായി പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ മാറ്റാന്‍ ചിലര്‍ ശ്രമിച്ചു. ഇതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

വൈകി വന്നവര്‍ അവിടെ നില്‍ക്കട്ടെ എന്നും അവര്‍ക്കായി കുട്ടികളെ മാറ്റേണ്ടെന്നും പിണറായി പ്രസംഗത്തിനിടെ പറഞ്ഞു. ഇതോടെ വന്നവര്‍ ഇരിക്കാതെ അവിടെ തന്നെ നിന്ന് പ്രസംഗം കേള്‍ക്കുകയായിരുന്നു.


സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ മുന്‍നിര്‍ത്തി ഇതുപോലെയൊരു സമഗ്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നത് ആദ്യമാണ്.

എല്ലാ പൊതുവിദ്യാലയങ്ങളും ഈ യജ്ഞത്തില്‍ ഭാഗമാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ പദ്ധതി പഞ്ചായത്ത്, നിയോജകമണ്ഡലം, ജില്ല, സംസ്ഥാനതലങ്ങളില്‍ സമയബന്ധിതമായി വിലയിരുത്താനുള്ള കര്‍മ്മസമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.


സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രി തന്നെയാണ്. അത്യധികം ഗൗരവത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതി എന്ന നിലയില്‍ ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷികളും, പൊതുപ്രവര്‍ത്തകരുമെല്ലാം ഈ ഉദ്യമത്തിലെ ചങ്ങലക്കണ്ണികളാകും.

We use cookies to give you the best possible experience. Learn more