| Tuesday, 28th February 2017, 10:01 am

ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് പിണറായി ; 171 പേര്‍ക്കെതിരെ കാപ്പ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കാപ്പ നിയമപ്രകാരം 171 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ ജനകീയ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയായിരുന്നു കാപ്പ ചുമത്തിയിരുന്നതെന്നും പിണറായി പറഞ്ഞു. ക്രമസമാധാന തകര്‍ച്ച സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോള്‍ സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വാടകക്കൊലയാളികള്‍ക്കും ലൈംഗിക കുറ്റകൃത്യം ചെയ്തവര്‍ക്കും ലഹരിമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടവര്‍ക്കും ശിക്ഷയില്‍ ഇളവില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ യാഥാര്‍ൃത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടവും ക്രമസമാധാന തകര്‍ച്ചയുമെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം ചര്‍ച്ച ചെയ്യണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കി ജയിലില്‍ നിന്ന് ഇറക്കാനുള്ള തീരുമാനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കുന്നവരുടെ പട്ടികയില്‍ ടി.പി കേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് അവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് കൃത്യമായി മറുപടി പറയാന്‍ കഴിയില്ലെന്നും മാനദണ്ഡം അനുസരിച്ചാണെങ്കില്‍ അവര്‍ക്കൊരിക്കലും സര്‍ക്കാര്‍ പട്ടികയില്‍ കയറിക്കൂടാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.
മാനദണ്ഡം അനുസരിച്ച് ജീവപര്യന്തം തടവിന് വിധിച്ച ആള്‍ കുറഞ്ഞത് 14 വര്‍ഷമെങ്കിലും ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അയാളെ വിട്ടയക്കുകയുള്ളൂ. ഇത്തരത്തില്‍ നോക്കുകയാണെങ്കില്‍ ടിപി കേസിലെ പ്രതികള്‍ക്ക് ഒരിക്കലും പട്ടികയില്‍ ഇടംലഭിക്കില്ലെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more