രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും പുറപ്പെട്ട ജാഥ എവിടെ വെച്ച് ഒന്നാകുമെന്ന് നോക്കാം: മുഖ്യമന്ത്രി
Kerala News
രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും പുറപ്പെട്ട ജാഥ എവിടെ വെച്ച് ഒന്നാകുമെന്ന് നോക്കാം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 7:50 pm

തൃശൂര്‍: എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന ജാഥകളെ വിമര്‍ശിച്ച്
മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോണ്‍ഗ്രസിന് എന്തൊരു അധപതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജാഥ നയിക്കുന്ന കെ. സുധാകരനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി.


ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ക്ക് ക്രിമിനല്‍ സംഘമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ എല്‍.ഡി.എഫിന്റെ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

“കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുള്ള ആര്‍ജ്ജവം ഒരു കോണ്‍ഗ്രസുകാരനും കാണിച്ചില്ല. കോണ്‍ഗ്രസുകാരുടെ നേതാവ് രാഹുല്‍ ഗാന്ധിയല്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചതാണ്. രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തോടൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

ശബരില ഭക്തരെ കൈയേറ്റം ചെയ്തവരേയും തടഞ്ഞ് നിര്‍ത്തുവരേയും നാം ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു. ഇതിനായി പ്രത്യേക ക്രിമിനലുകളെ കൊണ്ടുവന്നിരിക്കുകയാണ് ചെയ്തത്. അവര്‍ പൊലീസിനേയും മാധ്യമപ്രവര്‍ത്തകരേയും ഭക്തരേയും ആക്രമിച്ചു. ഇവിടെ കലാപഭൂമിയാക്കുന്നതിന് വേണ്ടിയാണിത്.


ആര്‍.എസ്.എസിന്റെ ഘടന എന്താണെന്ന് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. ഒരു അക്രമി സംഘം അവര്‍ക്കുണ്ട്. അവര്‍ക്ക് പ്രത്യേക തരത്തിലുള്ള പരിശീലനവുമുണ്ട്. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാം എന്നാണ് അവരുടെ പരിശീനത്തിലുള്ളത്. അവിടെ നിന്ന് പുറത്ത് വന്നവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

സന്നിധാനത്തില്‍ കലാപം നടക്കണമെന്നും അവിടുത്തെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് അവരുടെ ഉദ്ദേശം. അതു കൊണ്ട് അവര്‍ക്കുണ്ടാകുന്ന നേട്ടമെന്താണെന്ന് പിന്നീടുള്ള അവരുടെ പ്രചാരണത്തില്‍ പറയുന്നുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ആര്‍ക്കും ഉലക്കാനാവില്ല. നമ്മുടെ ഒരുമയുടെ യശസ്സ് പ്രളയത്തിന്റെ സമയത്ത് ലോകമാകെ അറിഞ്ഞതാണ്. ആ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് നയിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്ന് ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.