| Tuesday, 1st January 2019, 4:36 pm

അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍ങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മുഖ്യമന്ത്രി വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു സ്ത്രീകള്‍ മതില്‍ തീര്‍ത്തത്.


കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു.

മലപ്പുറത്ത് എല്ലാ എതിര്‍പ്പുകളും മറികടന്ന് മൂന്നു ലക്ഷം സ്ത്രീകളും തൃശ്ശൂരില്‍ നാലുലക്ഷം സ്ത്രീകളും അണിനിരന്നു. ആദിവാസി നേതാവ് സി.കെ.ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ. അജിതയും പി.വല്‍സലയും കോഴിക്കോട്ടും അണിനിരന്നു.


മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ശബരിമലയോ, യുവതിപ്രവേശന വിഷയമോ പരാമര്‍ശിക്കാതെയാണ് വനിതാ മതിലില്‍ അണിനിരക്കുന്നവര്‍ ഏറ്റുചൊല്ലാനുളള പ്രതിജ്ഞ തയ്യാറാക്കിയിരിക്കുന്നത്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.

We use cookies to give you the best possible experience. Learn more