| Thursday, 12th March 2020, 8:35 pm

'മനുഷ്യന്റെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്? അക്കാര്യത്തില്‍ കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലത്'; ചെന്നിത്തലയെ തള്ളി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ യശസ് കൂടുന്നു എന്ന ആശങ്കയാണ് ചിലര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഗൗരവമായി കാണുന്നു എന്നാണ് വാര്‍ത്തകളില്‍ കണ്ടത്. എന്തെല്ലാം നിലയിലാണ് നമ്മുടെ നാട് മാറുന്നത് എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

പുരാണ കഥയിലെ ഇതിവൃത്തം ഉദാഹരിച്ചായിരുന്നു പിണറായിയുടെ വിമര്‍ശനം

‘ആളുകളെ രോഗാവസ്ഥയിലേക്ക് തള്ളി വിട്ടുകൊടുക്കുകയാണോ വേണ്ടത്? ഇങ്ങനൊരു മഹാമാരി വരുമ്പോള്‍ അതിന്റെ മുന്നില്‍ ഒന്നിച്ചുനിന്നുകൊണ്ട് ആവശ്യമായ ജാഗ്രത പാലിക്കുകയല്ലേ വേണ്ടത്. അല്ലാതെ നിങ്ങള്‍ ഏത് പക്ഷമാണ്, ഏത് മുന്നണുിയാണ് എന്ന് നോക്കി നില്‍ക്കലാണോ? ഇതെല്ലാം നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍. ആ മനുഷ്യന്റെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്? അതില്‍ കൂടുതല്‍ പറയാതിരിക്കലാണ് നല്ലതെന്നാണ് തോന്നുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച് 16ന് വിളിച്ചുചേര്‍ത്ത ഓള്‍പാര്‍ട്ടി മീറ്റിങ് ഈ സാഹചര്യത്തില്‍ നടത്തണോ വേണ്ടയോ എന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനാത്മകമായി പറഞ്ഞു.

കൊവിഡ് 19 വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്പ് ഉത്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളയാളുടെ സ്ഥിരീകരണ റിപ്പോര്‍ട്ട് വരാനുണ്ട്. മൂന്ന് പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദപ്പെട്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more