| Sunday, 30th April 2023, 8:25 pm

വന്ദേഭാരത് കൊണ്ട് മറച്ചുവെക്കാവുന്നതല്ല കേരളത്തോടുള്ള അവഗണന; യു.പി.എസ്.എസിയേക്കാള്‍ തൊഴില്‍ പി.എസ്.സി നല്‍കിയിട്ടുണ്ട്: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊച്ചിയില്‍ നടന്ന യുവം പരിപാടിക്കിടെ കേരള സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് നരേന്ദ്ര മോദി നടത്തിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗങ്ങളാണെങ്കിലും പറയുന്നത് വസ്തുതയായിരിക്കണമെന്നും ഓര്‍മിപ്പിച്ചു.

വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത് കൊണ്ട് മാത്രം ഇത്രയും കാലം കേരളത്തോട് കാണിച്ച അവഗണന മറക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒഞ്ചിയം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസംഗത്തിലുടനീളം പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. പ്രളയ കാലത്തടക്കം കേരളത്തിന് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിച്ചവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ തൊഴിലില്ലായ്മയെ വിമര്‍ശിച്ച മോദി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തൊഴിലവസരങ്ങളെക്കുറിച്ച് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘യുവം പരിപാടിയില്‍ വസ്തുതക്ക് വിരുദ്ധമായ കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞത്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരളത്തിന് പദ്ധതിയില്ലെന്നാണ് മോദി പറഞ്ഞത്. കേരളത്തില്‍ മുന്‍പ് ഉണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്കും ഇപ്പോഴുള്ള നിരക്കും പരിശോധിച്ചാണോ അദ്ദേഹം അത്തമൊരു പ്രസ്താവന നടത്തിയത്.

രാഷ്ട്രീയ പ്രചരണമാണെങ്കില്‍ പോലും പറയുന്നത് വസ്തുതയായിരിക്കണം. യു.പി.എസ്.സി രാജ്യത്താകമാനം നല്‍കിയ തൊഴിലിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍ പി.എസ്.സി മുഖേന നടത്തിയ നിയമനങ്ങള്‍.

എല്ലാകാലത്തും കേരളത്തെ ദ്രോഹിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. പ്രളയകാലത്തുണ്ടായ നഷ്ടത്തിന്റെ നാലില്‍ ഒന്നു പോലും കേരളത്തിന് നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. പ്രളയത്തിന് നല്‍കിയ ധാന്യത്തിന്റെയടക്കം പണം തിരിച്ച് ചോദിച്ചു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിച്ച സാമ്പത്തിക സഹായം വിലക്കുകയും ചെയ്തു. സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതി വിഹിതം പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേവലം ഒരു വന്ദേഭാരത് കൊണ്ട് മറക്കാവുന്നതല്ല കേരളത്തോടുള്ള അവഗണന,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highligt: pinarayi vijayan slams narendra modi

We use cookies to give you the best possible experience. Learn more