'മനസ്സ് പുഴുവരിച്ചവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ പറ്റൂ'; ആരോഗ്യവകുപ്പ് പുഴുവരിച്ചുപോയി എന്ന ഐ.എം.എ പരാമര്‍ശത്തില്‍ പിണറായി വിജയന്‍
Kerala News
'മനസ്സ് പുഴുവരിച്ചവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ പറ്റൂ'; ആരോഗ്യവകുപ്പ് പുഴുവരിച്ചുപോയി എന്ന ഐ.എം.എ പരാമര്‍ശത്തില്‍ പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th October 2020, 1:00 pm

തിരുവനന്തപുരം:  ആരോഗ്യവകുപ്പ് പുഴുവരിച്ചുവെന്ന  ഐ.എം.എയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനസ്സ് പുഴുവരിച്ചവര്‍ക്കേ ആരോഗ്യവകുപ്പിനെ പുഴുവരിച്ചു പോയി എന്നൊക്കെ പറയാന്‍ പറ്റുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.

വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അത് അര്‍ഹിക്കുന്നതാണോ എന്ന് ഇത്തരക്കാര്‍ പരിശോധിക്കുന്നത് നല്ലതാണ്. ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സ്വയം വിദഗ്ധനെന്ന് കരുതിനില്‍ക്കുന്ന ഏതെങ്കിലും ഒരാള്‍ ഉണ്ടെങ്കില്‍, അദ്ദേഹത്തെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണെന്ന് കരുതരുത്. ഏതെങ്കിലും വിദഗ്ധനെ ബന്ധപ്പെട്ടിട്ടില്ലെന്ന് പറഞ്ഞാല്‍ ആ വിദഗ്ധനെ ബന്ധപ്പെടാനും തയ്യാറാണ്- അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യരംഗത്തെ അടച്ചാക്ഷേപിക്കാന്‍ തക്ക പ്രശ്‌നങ്ങളൊന്നും തന്നെ ഇതുവരെയുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദഗ്ധരെന്ന് പറയുന്നവര്‍ നാടിന് തെറ്റിദ്ധാരണ സൃഷ്ടിക്കാനല്ല ശ്രമിക്കേണ്ടത്. സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുകയാണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദഗ്ധരെ ബന്ധപ്പെടാനും മികച്ച ആശയങ്ങള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ യാതൊരു വിമുഖതയും കാണിച്ചിട്ടില്ല. ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് ജനത്തിന് തെറ്റിദ്ധാരണയുണ്ടാകേണ്ട എന്ന് കരുതിയാണ് ഇത് പറയേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവിദഗ്ധര്‍ എന്ന് പറഞ്ഞ് ആരോഗ്യരംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റെന്തെങ്കിലും മനസ്സില്‍ വെച്ചുകൊണ്ടാണ് ഈ പെരുമാറ്റമെങ്കില്‍ അതൊന്നും വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Pinarayi vijayan slams IMA For Derogatory Comments Aganist Health Department