തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് കൃത്യസമയത്ത് സഹായമെത്തിക്കാന്‍ വൈകിയതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്.കുര്യന് ശാസനയുമായി മുഖ്യമന്ത്രി. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലടക്കം പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടവരെ ഹെലിക്കോപ്റ്റര്‍ വഴി രക്ഷപ്പെടുത്താന്‍ വൈകി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പത്തനംതിട്ടയിലും കുട്ടനാട്ടിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചിട്ടും വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കിയതിനാണ് പി.എച്.കുര്യനെ മുഖ്യമന്ത്രി രൂക്ഷമായി ശാസിച്ചത്.
ഇതുവരെ എത്ര പേരെ രക്ഷപ്പെടുത്തിയെന്നും ബാക്കിയുള്ളവരെ എപ്പോള്‍ രക്ഷിക്കാനാകുമെന്ന കാര്യങ്ങള്‍ ഉടന്‍ തന്നെ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.