കണ്ണൂര്‍: പൊതുവേദിയില്‍ തന്റെയടുത്തെത്തി വിമര്‍ശനം നടത്തിയ സ്ത്രീയോട് രോഷാകുലനാകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോടു വിനയാന്വിതരാകണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞ ഇന്നലെത്തന്നെയാണ് ഈ സംഭവമെന്നത് സി.പി.ഐ.എമ്മിന് തലവേദനയാകുകയാണ്.
മഴക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച സേവനം നടത്തിയവരെ ആദരിക്കാനായി കണ്ണൂരില്‍ ജില്ലാ ഭരണകൂടം നടത്തിയ ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍.
മുഖ്യമന്ത്രി വേദിയില്‍ എത്തിയതോടെ സദസ്സില്‍ നിന്ന് സ്ത്രീ വേദിയിലേക്കു കയറിച്ചെന്ന് അദ്ദേഹത്തിനു കൈകൊടുത്തു സംസാരിക്കുകയായിരുന്നു. സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നു മുഖ്യമന്ത്രി പറയുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇതുകൊണ്ടും ശാന്തയാകാത്ത സ്ത്രീ വീണ്ടും മുഖ്യമന്ത്രിയോട് എന്തൊക്കെയോ പറയുന്നുണ്ട്. അടുത്തുണ്ടായിരുന്നു മന്ത്രി ഇ.പി ജയരാജന് അവരെ ശാന്തയാക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്നാണ് മുഖ്യമന്ത്രി ‘പോയി ഇരിക്ക്’ എന്നും ‘അവിടെപ്പോയി ഇരിക്ക്’ എന്നും രോഷാകുലനായി പറഞ്ഞത്. അതോടെ സ്ത്രീ തിരിച്ച് സദസ്സിലേക്കു പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ മാറ്റിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ക്കാണാം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വേദിയിലേക്കു സ്ത്രീ കയറി അത്തരത്തില്‍ സംസാരിച്ചത് സുരക്ഷാ വീഴ്ചയായും ആരോപണം ഉയരുന്നുണ്ട്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വേദിയിലുണ്ടായിരുന്നു.
ഇന്നലെ സംസ്ഥാന സമിതി യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയാന്വിതരാകണമെന്ന് കോടിയേരി പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒരു പ്രവര്‍ത്തനത്തിലും പങ്കാളിയാവില്ല. ബഹുജന പിന്തുണ ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് പാര്‍ട്ടി രീതി. സഖാക്കള്‍ ജനങ്ങളുമായി വിനയാന്വിതമായി ഇടപെടുക.
പലപ്പോഴും പാര്‍ട്ടി സഖാക്കള്‍ പല കാര്യങ്ങളിലും ജനങ്ങളെ സമീപിക്കാറുണ്ട്. അങ്ങനെയുള്ള അവസരത്തില്‍ അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ചെന്നുവരില്ല. അങ്ങനെയുള്ളവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാവണം ഏതു പ്രവര്‍ത്തനങ്ങളും നമ്മള് സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കടപ്പാട്: ജയ്ഹിന്ദ് ടി.വി