തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി പോകുന്ന ട്രെയിനുകളില്‍ മലയാളികളെ തിരിച്ച് അയക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാന്‍ കേരളം അനുമതി നല്‍കിയിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവരെയാണ് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റ് വഴി കടത്തിവിടുന്നത്.
എന്നാല്‍ പലര്‍ക്കും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മാത്രമല്ല കര്‍ണാടകയും തമിഴ്‌നാടും അവിടെ കുടുങ്ങിയ ഇതരസംസ്ഥാനക്കാര്‍ക്ക് സംസ്ഥാനം വിടാനുള്ള എന്‍.ഒ.സി അനുവദിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
തെലങ്കാന സര്‍ക്കാര്‍ അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയെങ്കിലും തമിഴ്‌നാടും കര്‍ണാടകയും അവരുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇവര്‍ക്കും കേരളത്തിലേക്ക് എത്താനാവുന്നില്ല.
റോഡ് മാര്‍ഗ്ഗമുള്ള യാത്രയില്‍ ഇത്തരത്തില്‍ തടസം നേരിടുന്ന സാഹചര്യത്തിലാണ് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ബീഹാറും ജാര്‍ഖണ്ഡും അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്നും ട്രെയിനുകള്‍ പോയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ദല്‍ഹി തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.