| Sunday, 21st May 2017, 9:00 am

പോര് മുറുകുന്നു; സെന്‍കുമാറിന്റെ വിവാദ ഉത്തരവുകള്‍ മരവിപ്പിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാറും സര്‍ക്കാരുമായുള്ള പോര് തുടരുന്നു. ടി.പി.സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തു നടപ്പാക്കിയ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നടപടി.

എന്നാല്‍ സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിനില്ലെന്നു പറഞ്ഞതിനു പിന്നാലെ ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹം 11 ദിവസം മുന്‍പിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കുകയായിരുന്നു.


Dont Miss ലിംഗഛേദം: പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഐ.ജി മനോജ് എബ്രഹാം 


കഴിഞ്ഞ ഒന്‍പതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെന്‍കുമാര്‍ ഉത്തരവിട്ടത്.

ഇതില്‍ കുമാരി ബീനയ്ക്കു പകരം സി.എസ്.സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയര്‍ സൂപ്രണ്ടിനെ അവിടെ നിയമിക്കുകയും ചെയ്തു.
കുമാരി ബീനയെ പേരൂര്‍ക്കട എസ്എപി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയര്‍ സൂപ്രണ്ടുമാരെയാണു സെന്‍കുമാര്‍ മാറ്റിയത്.

എന്നാല്‍ അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കി. പുറ്റിങ്ങല്‍, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി.

തുടര്‍ന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സെന്‍കുമാറിനെ ബന്ധപ്പെട്ടു തല്‍ക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബീനാകുമാരി ടി ബ്രാഞ്ചില്‍ തുടര്‍ന്നു. അവര്‍ക്കൊപ്പം മാറ്റിയവര്‍ പൊലീസ് ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പഴയ സ്ഥലത്തേക്കു മടങ്ങാനായിരുന്നു ഓഫിസ് മാനേജരുടെ നിര്‍ദേശം.

ഇതിനിടെയാണ് ഇന്നലെ സെന്‍കുമാര്‍ ആദ്യ സ്ഥലംമാറ്റ ഉത്തരവില്‍ ഉള്‍പ്പെട്ട രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവായത്. സുരേഷ് കൃഷ്ണ, സതി കുമാര്‍ എന്നിവരെ കെ, ആര്‍ ബ്രാഞ്ചുകളിലാണു നിയമിച്ചത്.

എന്നാല്‍ കുമാരി ബീനയെ മാറ്റിയില്ല. പക്ഷേ രാവിലെ ഉത്തരവിറങ്ങിയതു നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. തുടര്‍ന്നു വൈകുന്നേരത്തോടെ സെന്‍കുമാര്‍ ഒന്‍പതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിട്ടു. ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി

ബീനാ കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകള്‍ മരവിപ്പിച്ചതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more