സംസ്ഥാനത്ത് ആരാണ് പൊലീസ് മേധാവിയെന്ന് സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യം; അധിക്ഷേപകരമായ മറുപടിയുമായി പിണറായി
Kerala
സംസ്ഥാനത്ത് ആരാണ് പൊലീസ് മേധാവിയെന്ന് സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യം; അധിക്ഷേപകരമായ മറുപടിയുമായി പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2017, 10:25 am

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്‌പോര്. സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് പ്രതിപക്ഷത്ത് നിന്നും എം.ഉമ്മര്‍ എം.എല്‍.എയായിരുന്നു ചോദ്യം ഉന്നയിച്ചത്.

ആരാണ് ഡി.ജി.പിയെന്ന് മുഖ്യമന്ത്രിയ്ക്ക് പറയാന്‍ കഴിയുമോ എന്നായിരുന്നു എം. ഉമ്മര്‍ എം.എല്‍.എയുടെ ചോദ്യം സുപ്രീംകോടതി ഉത്തരവോടെ ലോക്‌നാഥ് ബെഹ്‌റയുടെ സ്ഥാനം നഷ്ടപ്പെട്ടെന്നും സെന്‍കുമാറിന് നിയമനം ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നീതിനിര്‍മാണത്തിന്റെ തലപ്പത്തിരിക്കുന്ന ആള്‍ സംസ്ഥാനത്തില്ലെന്ന കാര്യം മുഖ്യമന്ത്രിക്ക് അറിയുമോ എന്നും എം.ഉമ്മര്‍ എം.എല്‍.എ ചോദിച്ചു.

കേസ് തോറ്റ വക്കീലില്‍ നിന്ന് മുഖ്യമന്ത്രി ഇപ്പോഴും നിയമോപദേശം തേടുകയാണെന്നും മുഖ്യമന്ത്രിയും ഡി.ജി.പിയും പറയേണ്ട കാര്യങ്ങള്‍ ഉപദേശകരാണ് പറയുന്നതെന്നും എം. ഉമ്മര്‍ പറഞ്ഞു.

എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയ പിണറായി പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഉത്തരം നല്‍കിയത്. പരിതാപകരമായ വിഷയാവതരണമെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വിഷയത്തിന്റെ ഗൗരവമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.


Dont Miss ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിലെ ഇ.വി.എം കൂടി സീല്‍ ചെയ്യാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് 


സര്‍ക്കാര്‍ ആരെയാണോ നിയമിച്ചത് അദ്ദേഹമാണ് ഇപ്പോഴും ഡി.ജി.പി. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിധി എത്രയും വേഗം നടപ്പാക്കും. കോടതി ഉത്തരവില്‍ എ.ജിയുടെ ഉപദേശം ഇന്നലെയാണ് ലഭിച്ചത്. വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയപ്പോള്‍ മുതല്‍ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തുടങ്ങിയിരുന്നെന്നും പിണറായി പറഞ്ഞു.

സുപ്രീം കോടതി വിധി ആരുടേയോ വിജയമോ പരാജയമോ അല്ല. നീതിയുടെ വിജയമാണ്. ഡി.ജി.പിയെ തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണ്.
സര്‍ക്കാരിന് കുറച്ച് കാര്യം കൂടി പരിശോധിക്കാനുണ്ടെന്നും പിണറായി പറഞ്ഞു.

അതേസമയം വിധി വന്ന് എട്ട് ദിവസമായിട്ടും സര്‍ക്കാരിന് എന്താണ് ചാഞ്ചാട്ടമെന്നും സര്‍ക്കാരിനേറ്റ പ്രഹരമാണ് സുപ്രീം കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.