തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്റെ വര്‍ഗീയ മനസിനെയും ആര്‍.എസ്.എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
‘വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെ’ന്നാണ് കെ.സുധാകരന്‍ പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. ആര്‍.എസ്.എസിനെ വെള്ള പൂശുന്നതില്‍ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്? തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണ് ജവഹര്‍ലാല്‍ നെഹ്റു. 1947 ഡിസംബര്‍ 7-ന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍, ആര്‍.എസ്.എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു:
‘ആര്‍.എസ്.എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീര്‍ച്ചയായും കര്‍ശനമായ നാസി സ്വഭാവമാണ് തുടരുന്നത്.’ മറ്റൊരു കത്തില്‍, ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളില്‍ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍: ‘ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാര്‍ അവരുടെ സെല്ലുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മള്‍ അതിനെ അടിച്ചമര്‍ത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം’ എന്നാണ് നെഹ്റു എഴുതിയത്.
ആര്‍ട്ടിക്കിള്‍ 370നെ എതിര്‍ത്ത് 1953ല്‍ കശ്മീരില്‍ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖര്‍ജി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റു ആയിരുന്നു എന്ന ചരിത്ര വസ്തുത പോലും ഒരു സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്.
കോണ്‍ഗ്രസില്‍ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വര്‍ഗീയ വാദികളും ആര്‍.എസ്.എസ് പക്ഷപാതികളും ഉണ്ടായിരുന്നു.