| Wednesday, 8th November 2023, 7:00 pm

ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടിൽ മാറ്റം വന്നത് ഇപ്പോഴല്ല, നരസിംഹ റാവുവിന്റെ ഭരണകാലത്ത്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യൻ സർക്കാർ സ്വീകരിച്ച പ്രഖ്യാപിത ഫലസ്തീൻ അനുകൂല നിലപാടിൽ മാറ്റമുണ്ടായത് ഇപ്പോഴല്ല, നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ തന്നെ ഉണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നേരത്തെ ഇസ്രഈലുമായി ബന്ധമില്ലാത്ത നമ്മുടെ രാജ്യം പിന്നീട് അവരുമായി കൂടുതൽ അടുത്തുവെന്നും ഇപ്പോൾ അതിന്റെ പരമോന്നത തലത്തിൽ എത്തിയെന്നും ഇതിന്റെ യഥാർത്ഥ കാരണം അമേരിക്കയെ പ്രീതിപ്പെടുത്തലാണ് എന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

‘അമേരിക്കൻ താത്പര്യത്തിനനുസരിച്ചാണ് ഇന്ത്യ ഗവൺമെന്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ താല്പര്യത്തെ പൂർണമായും അംഗീകരിക്കുന്നത് കൊണ്ട് ഇസ്രഈലിനോടൊപ്പമുള്ള നിലപാടാണ് സ്വീകരിക്കുന്നത്.

അതിന്റെ ഭാഗമായി ഫലസ്തീനെ തള്ളുകയും അവർക്ക് സ്വന്തം ഭൂമിയും കിടപ്പാടവും ഇല്ലാത്ത സ്ഥിതി സൃഷ്ടിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുന്ന ലീഗിന് പങ്കെടുക്കാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. തങ്ങളെ സി.പി.ഐ.എം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് പരസ്യമായി പറഞ്ഞപ്പോൾ അതിൽ നടപടി എടുക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ആവശ്യമായിരുന്നു എന്നത് കൊണ്ടാണ് ക്ഷണിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Pinarayi Vijayan says position of India in palestine row changed from the time of Narasimha rao

We use cookies to give you the best possible experience. Learn more