തിരുവനന്തപുരം: സന്തുഷ്ടകേരളമെന്ന ലക്ഷ്യം നേടരുതെന്ന് ആഗ്രഹിക്കുന്ന ചിലര്‍ നാടിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സന്തുഷ്ടകേരളം യാഥാര്‍ഥ്യമാകാതിരിക്കാന്‍ ഈ വിഭാഗം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ.എം കേരളയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഏത് നല്ലകാര്യം വരുമ്പോഴും എതിര്‍ക്കുകയെന്നത് ചിലര്‍ സ്വന്തം ദൗത്യമായി കരുതുന്നു. ഇത്തരം ചെറുവിഭാഗങ്ങള്‍ സംഘടിച്ചാണ് ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ആശങ്കകള്‍ സൃഷ്ടിക്കുന്നത്.
നാടിന് ഗുണകരമാവുന്ന കാര്യത്തെയും എതിര്‍ക്കുന്ന സമീപനം ശരിയല്ല. വിഴിഞ്ഞത്ത് സംഭവിച്ചത് അതാണ്. തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി റിങ് റോഡ് പ്രവൃത്തി തുടങ്ങി. റോഡ് വന്നാല്‍ ഇരുവശവും സംരംഭങ്ങള്‍ വരും.
മാധ്യമങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരെ നിലപാടെടുക്കുന്നു. നാടിനുവേണ്ട കാര്യങ്ങളില്‍ പിന്തുണ നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ ആരോഗ്യകരമായ ചിന്ത വളര്‍ത്തുന്നതിനു പകരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു. ഇത്തരം മാധ്യമങ്ങള്‍ ചെയ്യുന്നതെന്താണെന്ന് മാധ്യമങ്ങള്‍ തന്നെ പരിശോധിക്കുന്നത് നന്നാവും. സര്‍ക്കാര്‍ കാര്യങ്ങളിലും ജനങ്ങളുടെ പ്രശ്‌നങ്ങളിലും മാധ്യമങ്ങള്‍ കണ്ണടയ്ക്കണമെന്നല്ല ഇതിനര്‍ഥം. ശരിയല്ലാത്ത കാര്യങ്ങള്‍ തിരുത്തുന്നതിന് മാധ്യമങ്ങള്‍ ഇടപെടണം. പക്ഷേ, നശീകരണ വാസന പ്രകടിപ്പിക്കുന്നത് നാടിന് ഗുണം ചെയ്യില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണത്തിലേക്ക് വന്നാല്‍ സര്‍ക്കാര്‍ ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.