|

ശിവശങ്കര്‍ പുസ്തകം എഴുതിയത് അനുമതിയില്ലാതെ; സ്വപ്‌നയുടെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ പുസ്തകം എഴുതിയത് മുന്‍കൂര്‍ അനുമതി ഇല്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുസ്തകം എഴുതാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലമുള്ള മറുപടി നല്‍കിയത്.

മുന്‍പ് വാര്‍ത്താ സമ്മേളനത്തിനിടെ ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സാങ്കേതികം മാത്രമാണെന്നും, സ്വന്തം അനുഭവം ശിവശങ്കര്‍ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നതില്‍ തെറ്റുകാണാനാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

താന്‍ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കര്‍ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ പൊള്ളലേറ്റവര്‍ക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ അനുഭവങ്ങളാണ് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ശിവശങ്കറിന്റെ ആത്മകഥയില്‍ പറയുന്നത്. സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നും സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതെന്നും ശിവശങ്കര്‍ ആത്മകഥയില്‍ പറഞ്ഞിരുന്നു.

അതേസമയം സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ എം. വിന്‍സെന്റിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.

വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ശിവശങ്കറിന് പണം ലഭിച്ചിട്ടുണ്ടെന്ന സ്വപ്നയുടെ ആരോപണത്തിനും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്.

ലൈഫ് ഭവനപദ്ധതി ദുബായ് റെഡ്ക്രസന്റ് അവരുടെ സ്രോതസ്സ് വിനിയോഗം ചെയ്ത് സ്വന്തം നിലയിലാണ് നടപ്പാക്കുന്നത്. നിര്‍മ്മാണം പൂര്‍ണമായും റെഡ്ക്രസന്റിന്റെ ചുമതലയിലാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സ്വപ്നയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന ഒറ്റവരി മാത്രമാണ് മറുപടിയിലുള്ളത്.

Content Highlight: pinarayi vijayan says sivasankar did not seek permission to write his autobiography

Latest Stories