| Sunday, 24th April 2022, 10:47 pm

കെ. ശങ്കരനാരായണന്‍ കോണ്‍ഗ്രസിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖം: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ നിര്യാണത്തില്‍ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമായിരുന്നു കെ. ശങ്കരനാരായണനെന്ന് പിണറായി വിജയന്‍ പറഞ്ഞു.

വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്‌നങ്ങളെ നോക്കിക്കാണുകയും നെഹ്റൂവിയന്‍ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയര്‍ത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീര്‍ഘകാലം യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ജനകീയ പ്രശ്‌നങ്ങളിലും നാടിന്റെ വികസന പ്രശ്‌നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും മുറുകെപ്പിടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ എന്ന നിലയിലും സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികന്‍ എന്ന നിലയിലും ജനോപകാരപ്രദമായതും അധികാരപ്രമത്തത ബാധിക്കാത്തതുമായ നിലപാടുകളാണ് അദ്ദേഹം എന്നും സ്വീകരിച്ചത്. ശങ്കരനാരായണന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും അനുശോചനം അറിയിക്കുന്നതായും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ എഴുതി.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ രാത്രി 8.50- ഓടെ ആയിരുന്നു കെ. ശങ്കരനാരായണന്റെ അന്ത്യം.

വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍, യു.ഡി.എഫ്. കണ്‍വീനര്‍, നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലായിരുന്നു ശങ്കരനാരായണന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ശങ്കരനാരായണന്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് പാലക്കാട് ഡി.സി.സി. സെക്രട്ടറിയായും പ്രസിഡന്റായും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights:  Pinarayi Vijayan says K. Sankaranarayanan The face of value-based politics in the Congress

We use cookies to give you the best possible experience. Learn more